ചക്കയുടെ വടക്കൻ വീരഗാഥ

പാലക്കാട്: ചക്കയ്ക്കും നല്ല കാലം വരുന്നു. വടക്കേ ഇന്ത്യൻ വിപണിയിലേക്കാണ് യാത്ര. നാട്ടിൻപുറങ്ങളിലും മലയോര മേഖലയിലും പ്ലാവ് കായ്ച്ചു തുടങ്ങിയതോടെ ചക്ക വിപണിയും സജീവമായി. മൂപ്പ് എത്താത്ത ചക്കയാണ് കച്ചവടക്കാർ നാട്ടിൻപുറങ്ങളിൽ എത്തി വാങ്ങുന്നത്. രണ്ടുകിലോ തൂക്കമുള്ള ഇടിച്ചക്ക ഒന്നിന് 20 രൂപയാണ് നൽകുന്നത്. വലിപ്പം കൂടുന്നതിന് ആനുപാതികമായ വിലയും കൂട്ടിനൽകുന്നുണ്ട്. പെട്ടി ഓട്ടോ പോലെയുള്ള ചെറു വാഹനങ്ങളിൽ മരം കയറുന്ന ആളെയും കൂട്ടിയാണ് വ്യാപാരികൾ എത്തുന്നത്.
കച്ചവടക്കാർതന്നെ മരങ്ങളിൽ കയറി ചക്ക വെട്ടിയിറക്കും. പ്രത്യേക അധ്വാനമോ കരുതലോ ഇല്ലാതെ ലഭിക്കുന്ന ആദായമായതിനാൽ പ്ലാവ് ഉടമകൾ വ്യാപാരികൾ പറയുന്ന വിലയ്ക്ക് ചക്ക നൽകുന്നു. മധുരം ഇല്ലാത്തവ, കൂഴച്ചക്ക തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. പഴുക്കാറായ ചക്ക ഒഴിവാക്കിയാണ് സംഭരണം. തീരെ ചെറിയ ചക്കകൾ മരത്തിൽ തന്നെ നിർത്തി ആഴ്ചകൾക്കുശേഷം വീണ്ടുംവന്ന് വെട്ടിയെടുക്കും. മൂപ്പെത്തുന്നതിനുമുമ്പുതന്നെ ഇവർ ചക്ക പറിക്കുന്നതിനാൽ കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മയിൽ തുടങ്ങിയവയുടെ ശല്യവും ഒഴിവാകുന്നു.
നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിലെ ഇടിച്ചക്കയുടെ ആവശ്യം കഴിഞ്ഞാൽ, ബാക്കി കന്നുകാലികൾക്ക് തീറ്റയാക്കി കൊടുക്കാറാണ് പതിവ്. മൊത്ത കച്ചവടക്കാർക്ക് പ്രാദേശിക വ്യാപാരികൾക്ക് ചക്ക എത്തിച്ചുനൽകുന്നു. ദിവസവും മൂന്നും നാലും ലോറി ചക്കയാണ് അതിർത്തി കടക്കുന്നത്. തമിഴ്നാട്, പുണെ, ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവയാണ് പ്രധാന വിപണി.
Highlights : മൂപ്പ് എത്താത്ത ചക്ക സുലഭമായി വടക്കേ ഇന്ത്യൻ വിപണിയിലേക്ക് കയറ്റിഅയക്കുന്നു









0 comments