കേന്ദ്രം ഇൻസെന്റീവ് വർധിപ്പിക്കേണ്ട എന്നാണ് സമരക്കാരുടെ വാദം : വീണാജോർജ്
ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധന ; മന്ത്രി വീണാ ജോർജിനെ കാണാൻ വിസമ്മതിച്ച് ജെ പി നദ്ദ


എം അഖിൽ
Published on Mar 21, 2025, 01:10 AM | 2 min read
ന്യൂഡൽഹി : ഡൽഹിയിൽ എത്തിയ ആരോഗ്യമന്ത്രി വീണാജോർജിന് കൂടിക്കാഴ്‌ച്ചയ്‌ക്കുള്ള അനുമതി നൽകാതെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. രണ്ട് കത്തുകൾ നൽകിയെങ്കിലും കാണാൻ അനുമതി നൽകിയില്ല. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധനവും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ കൂടിക്കാഴ്‌ച്ചയ്‌ക്ക് അവസരം ഒരുക്കണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടത്. 2023–-2024 വർഷത്തിലെ കുടിശ്ശികകൾ എത്രയും വേഗം അനുവദിക്കണം, എയിംസ്, കാസർകോട്, വയനാട് മെഡിക്കൽ കോളേജുകൾ തുടങ്ങിയ വിഷയങ്ങളാണ് ഉന്നയിച്ചിരുന്നത്. 18നാണ് കൂടിക്കാഴ്‌ച്ചയ്‌ക്കുള്ള അനുമതി തേടി ആദ്യം കത്ത് നൽകിയത്. അടുത്ത ദിവസം ഡൽഹിയിലെ റെസിഡന്റ് കമീഷണർ വഴിയും കത്ത് നൽകി.
വ്യാഴാഴ്‌ച്ച ഡിഎംകെ എംപിമാരുടെ പ്രതിഷേധം കാരണം ലോക്‌സഭയും രാജ്യസഭയും ഉച്ചയ്‌ക്ക് തന്നെ പിരിഞ്ഞിട്ടും കൂടിക്കാഴ്‌ച്ചയ്‌ക്ക് കേന്ദ്രമന്ത്രി അനുമതി നൽകിയില്ല. തുടർന്ന് വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള രണ്ട് നിവേദനങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കൈമാറിയതായും മന്ത്രി വീണാജോർജ് അറിയിച്ചു.
എവിടെയും ഉറച്ചുനിൽക്കാതെ നദ്ദ
ആശാവർക്കർമാരുടെ ഇൻസെന്റീവ് വിഷയത്തിൽ രാജ്യസഭയെ തുടർച്ചയായി തെറ്റിദ്ധരിപ്പിച്ച് ആരോഗ്യമന്ത്രി ജെ പി നദ്ദ. ഇൻസെന്റീവ് ഇപ്പോൾ വർധിപ്പിക്കാൻ ഉദ്ദേശമില്ലെന്നാണ് നദ്ദ ബുധനാഴ്‌ച രാജ്യസഭയിൽ പറഞ്ഞത്. ഇൻസെന്റീവ് ഉടൻ വർധിപ്പിക്കുന്നകാര്യം പരിഗണിക്കുമെന്നായിരുന്നു ഒരാഴ്‌ച മുമ്പ് പറഞ്ഞത്. കേരളത്തിലെ പ്രമുഖമാധ്യമങ്ങളെല്ലാം നദ്ദയുടെ ഉറപ്പ് പ്രധാനവാർത്തയാക്കി. എന്നാൽ, കഴിഞ്ഞ ദിവസം നദ്ദ മലക്കംമറിഞ്ഞു. ഇപ്പോൾ മികച്ച ഇൻസെന്റീവാണ് നൽകുന്നതെന്നും വർധിപ്പിക്കുന്നകാര്യം പിന്നീട് ആലോചിക്കാമെന്നുമാണ് ബുധനാഴ്‌ച സഭയില്‍ പറഞ്ഞത്.
രാജ്യസഭയിൽ ആരോഗ്യമന്ത്രാലയത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വി ശിവദാസൻ ആശമാരുടെ വിഷയത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഇരട്ടത്താപ്പ് തുറന്നുകട്ടി. ‘കേന്ദ്രസർക്കാർ ആശാവർക്കർമാർക്ക് 1200 രൂപ മാത്രമാണ് ഇൻസെന്റീവായി നൽകുന്നത്. ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് ദീർഘകാലമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം അതിന് തയ്യാറാകുന്നില്ല. ഒരു കേന്ദ്രമന്ത്രി കേരളത്തിൽ നടക്കുന്ന ആശമാരുടെ സമരത്തിൽ പങ്കെടുത്തു. വഞ്ചനാപരമായ നിലപാടാണിത്. കേരളം ആശമാർക്ക് ഉയർന്ന ഓണറേറിയം നൽകുന്നു. എന്നാൽ, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഈ സത്യം പറയാൻ ധൈര്യമില്ല.
ചില കോൺഗ്രസ് നേതാക്കൾ ബിജെപിക്കുവേണ്ടി പണിയെടുക്കുന്നതായി അവരുടെ പ്രമുഖ നേതാക്കൾ തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ കാര്യത്തിൽ ഇത് വളരെ ശരിയാണ്. അവർ ബിജെപിയുടെ വാലായി പ്രവർത്തിക്കുകയാണ്’–-ശിവദാസൻ ചൂണ്ടിക്കാട്ടി.ശിവദാസൻ എംപിക്കുള്ള മറുപടിയിലാണ് ആശാവർക്കർമാർക്ക് മികച്ച ഇൻസെന്റീവാണ് നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടത്.
കേന്ദ്രം ഇൻസെന്റീവ് വർധിപ്പിക്കേണ്ട എന്നാണ് സമരക്കാരുടെ വാദം : വീണാജോർജ്
കേന്ദ്രം നൽകുന്ന ഇൻസെന്റീവ് വർധിപ്പിക്കേണ്ട, കേരളം നൽകുന്ന ഓണറേറിയം വർധിപ്പിച്ചാൽ മതിയെന്ന രാഷ്ട്രീയമാണ് സംസ്ഥാനത്തെ ഒരു വിഭാഗം ആശാവർക്കർമാരുടെ സമരത്തിന് പിന്നിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.
2005–-2006ലെ കേന്ദ്ര സ്‌കീമിൽ ഒരു രൂപ പോലും കൂട്ടിയിട്ടില്ല. അത് ഞങ്ങൾക്ക് വേണ്ട. ഇനി നിങ്ങൾ ഓണറേറിയം വർധിപ്പിച്ചാൽ മതിയെന്ന പൊളിറ്റിക്‌സാണ് ഈ സമരത്തിന് പിന്നിലുള്ളത്. ഞങ്ങൾക്ക് സംസ്ഥാനം വർധിപ്പിച്ചാൽ മതി, ഡൽഹിയിൽ പോയി ഇൻസെന്റീവ് വർധിപ്പിക്കേണ്ട എന്നാണ് എസ്‌യുസിഐയുടെ വാദം. 26,125 ആശമാർ സംസ്ഥാനത്തുണ്ട്. അതിൽ 400–-450 പേരാണ് നിസഹകരണത്തിലുള്ളത്. ബാക്കി 25,600 പേർ സർക്കാരിനെ വിശ്വസിച്ച് ജോലി ചെയ്യുന്നുണ്ട്. ആശമാർക്ക് വേണ്ടി ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്തതും ചെയ്‌തുകൊണ്ടിരിക്കുന്നതും ഇടതുപക്ഷ സർക്കാരാണ്. സംസ്ഥാനം തന്നെയാണ് അവരെ ചേർത്തുപിടിച്ചിട്ടുള്ളത്.
ആശ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. അതിന് കേന്ദ്ര മാർഗനിർദേശങ്ങളുണ്ട്. അതിൽ കേന്ദ്രത്തിനുള്ള ഉത്തരവാദിത്വം തള്ളിപ്പറയാൻ കഴിയില്ല. കേന്ദ്രസർക്കാരിൽ നിന്നും കേരളത്തിന് എത്ര തുകയാണ് ലഭിക്കേണ്ടതെന്ന കണക്കുകൾ താൻ നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആർക്ക് വേണമെങ്കിലും ആ കണക്കുകൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.









0 comments