ഐവിൻ കൊലപാതകം: സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

നെടുമ്പാശേരി : യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. തിങ്കളാഴ്‌ച നെടുമ്പാശേരി കോടതിയിലാണ് അപേക്ഷ നൽകുക. അഞ്ചുദിവസത്തേക്കാണ് കസ്റ്റഡിയിൽ ചോദിക്കുക. തുടർന്ന് സംഭവസ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും.
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന് ആരോപണമുയർന്ന സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെയും ഉടൻ ചോദ്യംചെയ്യുന്നുണ്ട്. കൊലപാതകത്തിനുശേഷം ഇയാൾ സംഭവസ്ഥലത്ത് എത്തിയതായി മൊഴിയുണ്ട്.
കൊല നടത്തിയ ശേഷം കടന്നുകളഞ്ഞ സിഐഎസ്‌എഫ് കോൺസ്റ്റബിൾ മോഹൻകുമാറിന് വ്യാഴം രാവിലെ ആറിന് ജോലിയിൽ പ്രവേശിക്കാൻ ക്രമീകരണമൊരുക്കിയതും ഇയാളെന്ന് ആരോപണമുയർന്നിരുന്നു. സാക്ഷികളുടെ മൊഴിയെടുക്കലും പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ പൊലീസ് സിഐഎസ്‌എഫിന് കൈമാറി. സിഐഎസ്‌എഫ് അന്വേഷണവും പുരോഗമിക്കുകയാണ്.
ബുധൻ രാത്രി പത്തോടെയാണ് കാറിന് സൈഡ് നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോയെ (24) സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. കേസിൽ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇരുവരും റിമാൻഡിലാണ്.
0 comments