സിഐഎസ്‌എഫിലെ ഒരു ഇൻസ്‌പെക്ടർക്കുകൂടി സംഭവത്തിൽ പരോക്ഷ പങ്കുണ്ടെന്ന് ആരോപണം
ഐവിന് യാത്രാമൊഴി ; സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

കൊച്ചി
സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോ (24)യുടെ മൃതദേഹം തുറവൂർ സെന്റ് അഗസ്‌റ്റിൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. കൊച്ചി വിമാനത്താവളത്തിനുസമീപം നെടുമ്പാശേരി നായത്തോടിൽ ആണ് ബുധൻ രാത്രി പത്തോടെ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവർ ഐവിനെ ക്രൂരമായി കൊന്നത്. ബിഹാർ സ്വദേശികളായ പ്രതികളെ അങ്കമാലി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്‌തു.
കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായ ഐവിൻ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുകൂട്ടരും സഞ്ചരിച്ച കാറുകൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലായിരുന്നു കൊലപാതകം.
സംഭവത്തിൽ സിഐഎസ്‌എഫ് ഡിഐജി (എയർപോർട്ട് സൗത്ത് സോൺ ഹെഡ്ക്വാർട്ടേഴ്‌സ്) ആർ പൊന്നിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കൊച്ചി വിമാനത്താവളത്തിലെത്തി സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മോഹൻകുമാർ വ്യാഴം രാവിലെ ആറിന് ജോലിയിൽ പ്രവേശിച്ചിരുന്നു. സിഐഎസ്‌എഫിലെ ഒരു ഇൻസ്‌പെക്ടർക്കുകൂടി സംഭവത്തിൽ പരോക്ഷമായ പങ്കുണ്ടെന്ന് ആരോപണമുണ്ട്. മോഹൻകുമാറിനെ രക്ഷപ്പെടാൻ സഹായിച്ചത് ഈ ഇൻസ്‌പെക്ടറാണെന്നാണ് സംശയം. കമ്പനി കമാൻഡറുടെ വീട്ടിൽപ്പോയി മടങ്ങിവരുമ്പോഴാണ് സംഭവമുണ്ടായതെന്നാണ് പ്രതികളുടെ മൊഴി.
വിനയകുമാർ ദാസാണ് കാറോടിച്ചത്. കാർ ഇയാളുടെ ഭാര്യയുടെ പേരിലുള്ളതാണ്. ഐവിനുമായി തർക്കമുണ്ടായശേഷം കാർ തിരിച്ചിട്ടത് മോഹൻകുമാറാണ്. ഡ്രൈവിങ് അറിയില്ലെന്ന് ആദ്യം ഇയാൾ പറഞ്ഞെങ്കിലും കാർ തിരിച്ചിടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കാണിച്ചു. ഇതോടെ ഇക്കാര്യം സമ്മതിച്ചു. വിനയകുമാർ ദാസ് കുടുംബത്തോടൊപ്പം നെടുമ്പാശേരിയിൽ ഫ്ലാറ്റിലാണ് താമസം. മോഹൻകുമാർ സിഐഎസ്എഫ് ക്വാർട്ടേഴ്‌സിലാണ്.









0 comments