ഇപ്റ്റയുടെ വി ടി ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം ബിയാട്രിസിന്

തൃശൂർ: ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷൻ (ഇപ്റ്റ) വി ടി ഭട്ടതിരിപ്പാട് സ്മാരക സംസ്ഥാന നാടക പുരസ്കാരം പ്രഖ്യാപിച്ചു. മുതിർന്ന അഭിനേത്രി കെപിഎസി ബിയാട്രിസ് ഈ വർഷത്തെ പുരസ്ക്കാരത്തിന് അർഹയായി.
പി ജെ ആന്റണിയുടെ നാടകങ്ങളിലൂടെ 1950 കളുടെ തുടക്കത്തിൽ കൊച്ചിയിലെ നാടകവേദിയിലേക്ക് കടന്നുവന്നയാളാണ് ബിയാട്രീസ്. നർത്തകി കൂടിയായ ബിയാട്രീസ് 1954ൽ കേരളാ പ്രോഗ്രസ്സീവ് തീയേട്രിക്കൽ ആർട്സ് അവതരിപ്പിച്ച എരൂർ വാസുദേവിന്റെ ‘ജീവിതം അവസാനിക്കുന്നില്ല’ യിലെ ജാനു എന്ന നായികാ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
1956ൽ കെ പി എ സിയിൽ ചേർന്ന ബിയാട്രീസ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ മാല, സർവേക്കല്ലിലെ സുമതി, മുടിയനായ പുത്രനിലെ രാധ, പുതിയ ആകാശം പുതിയ ഭൂമിയിലെ പൊന്നമ്മ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1961ൽ വിവാഹം കഴിച്ച് അഭിനയ രംഗത്ത് നിന്നു വിടവാങ്ങിയ ബിയാട്രീസ്, ഭർത്താവിന്റെ മരണശേഷം 1971 ൽ കെ പി എ സിയിലേക്ക് മടങ്ങിയെത്തി.
ഇന്നലെ ഇന്ന് നാളെ, മാനസപുത്രി, ഉദ്യോഗപർവം, യന്ത്രം സുദർശനം, ഭരതക്ഷേത്രം, മന്വന്തരം എന്നീ നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് കെപിഎസിയിൽ നിന്നു വിട്ട് നിരവധി പ്രമുഖ നാടകവേദി കളിൽ മുഖ്യവേഷങ്ങളിൽ അഭിനയിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്, സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.
തോപ്പിൽ ഭാസി, പി ജെ ആന്റണി, എസ് എൽ പുരം, എൻ എൻ പിള്ള, ശങ്കരാടി, ഓ മാധവൻ, കെ പി ഉമ്മർ, കെ എസ് ജോർജ്, എൻ ഗോവിന്ദൻ കുട്ടി, സുലോചന, കലാമണ്ഡലം കല്യാണി ക്കുട്ടിയമ്മ തുടങ്ങിയ പഴയ കാലനാടക പ്രവർത്തകരോടൊപ്പം പ്രവർത്തിച്ചവരിൽ ബ്രിയാട്രിസും വിജയകുമാരിയുമാണ് ഇന്നു ജീവിച്ചിരിക്കുന്നത്. ഇപ്പോൾ ഫോർട്ട് കൊച്ചിയിലാണ് താമസം.
2025 ഫെബ്രുവരി 16 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് തൃശൂർ ജവഹർ ബാലഭവൻ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന വി ടി- ഒഎൻവി അനുസ്മരണ ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും. തുടർന്ന് പ്രവാസ ലോകത്തെ നാടക സംഘമായ പറുദീസ പ്ലേ ഹൗസ് അബുദാബി അവതരിപ്പിക്കുന്ന "സീക്രട്ട് " എന്ന നാടകം അരങ്ങേറും.
ഇപ്റ്റ തൃശൂർ









0 comments