നിക്ഷേപക സംഗമം വലിയ പ്രതീക്ഷ: സർക്കാരിനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം: നിക്ഷേപക സംഗമം നടത്തിയതിൽ സർക്കാരിനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാർ ശ്രമം ശ്ലാഘനീയമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്‌കോപ്പൽ സുന്നഹദോസ്. വികസനത്തിന്റെ കാര്യത്തിൽ സർക്കാരുകൾ കൈ കോർക്കുന്നത് അഭിനന്ദനാർഹമാണെന്നും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നൽകുന്നതു വലിയ പ്രതീക്ഷയാണെന്നും സുന്നഹദോസ് പറഞ്ഞു.
1,52,905 കോടി രൂപയുടെ നിക്ഷേപ സന്നദ്ധത വിവിധ വ്യവസായഗ്രൂപ്പുകൾ വാഗ്ദാനംചെയ്തത് പ്രശംസനീയമാണ്. ഈ നിക്ഷേപ താൽപര്യങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പായാൽ അത് കേരളത്തിന്റെ ഭാവിതലമുറയെ ശോഭനമാക്കുമെന്നും സുന്നഹദോസ് നിരീക്ഷിച്ചു.
മികച്ച തൊഴിലും ജീവിതനിലവാരവും സ്വപ്നംകണ്ട് കേരളത്തിൽനിന്ന് വലിയ രീതിയിൽ കുടിയേറ്റം നടക്കുകയാണ്. യുവതലമുറയുടെ നാടുവിടൽ തടഞ്ഞുനിർത്താൻ സാധ്യമല്ല. പക്ഷേ, നാട്ടിൽ തൊഴിൽരംഗത്ത് വളർച്ച ഉണ്ടായാൽ അവർ സ്വന്തം നാടിന്റെ സുരക്ഷിത തണലിലേക്ക് മടങ്ങിവരും.
അതുകൊണ്ടുതന്നെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനെ പ്രവാസികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിൽ രാഷ്ട്രീയം മറന്ന് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ കൈകോർക്കുന്നത് അഭിനന്ദനാർഹമാണെന്നും സുന്നഹദോസ് വിലയിരുത്തി.









0 comments