ജില്ലാ പഞ്ചായത്ത്​ നിക്ഷേപത്തട്ടിപ്പ്​; യൂത്ത്​ ലീഗ്​ നേതാവിനെ മലപ്പുറത്തെത്തിച്ചു

t p haris

ജില്ലാ പഞ്ചായത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി അറസ്റ്റിലായ യൂത്ത് ലീഗ് നേതാവ് ടി പി ഹാരിസിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 03, 2025, 12:43 PM | 1 min read

മലപ്പുറം : ജില്ലാ പഞ്ചായത്ത്​ പദ്ധതികളുടെ കരാറിൽ ലാഭം വാഗ്ദാനംചെയ്ത്​ നിക്ഷേപം വാങ്ങി കോടികൾ തട്ടിയ കേസിൽ മുംബൈ വിമാനത്താവളത്തിൽ പിടിയിലായ യൂ‍ത്ത്​ ലീഗ്​ നേതാവായ ജില്ലാ പഞ്ചായത്തംഗം ടി പി ഹാരിസി (42)നെ മലപ്പുറത്തെത്തിച്ചു. മലപ്പുറം എസ്ഐ ടി ടി ഹനീഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച മുംബൈയിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ വിമാനമാർഗം കരിപ്പൂരിലെത്തിച്ചു. കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ഹാരിസിനെ പകൽ 11.40ഓടെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് ചോദ്യംചെയ്ത ശേഷം മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ് മുമ്പാകെ ഹാജരാക്കും.


ആഴ്​ചകൾക്കു​മുമ്പ്​​ ദുബായിലേക്ക്​ കടന്ന ഹാരിസിനായി പൊലീസ്​ ലുക്ക്​ ഒ‍ൗട്ട്​ നോട്ടീസ്​ ഇറക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്ന്​ മുംബൈ വിമാനത്തവളത്തിൽ ഇറങ്ങിയപ്പോൾ​ എമിഗ്രേഷൻ വിഭാഗമാണ് ഹാരിസിനെ പിടികൂടി മുംബൈ സഹർ പൊലീസിന്​ കൈമാറിയത്. തുടർന്ന് അന്ധേരി ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേട്ട്​​ കോടതിയിൽ ഹാജരാക്കി മലപ്പുറം പൊലീസിന്​ കൈമാറുകയായിരുന്നു.


ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ മറവിൽ ഇരുന്നൂറോളം​ പേരിൽനിന്നായി ടി പി ഹാരിസ് 25 കോടി രൂപ തട്ടിയെന്നാണ് കേസ്. തട്ടിപ്പിനിരയായ നിക്ഷേപകരിൽ ആറുപേർ ജില്ലാ പൊലീസ്​ മേധാവിക്ക്​ നൽകിയ പരാതിയിലാണ്​ ഹാരിസിനും ജില്ലാ പഞ്ചായത്ത്​ സെക്രട്ടറി എസ്​ ബിജുവിനുമെതിരെ കേസെടുത്തത്​. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ്​ ചുമത്തിയത്​. പരാതിക്കാരിൽ ഒരാളായ രാമപുരം സ്വദേശി സഫീറിന്റെ മൊഴി അടിസ്ഥാനമാക്കിയാണ്​ അന്വേഷണം പുരോഗമിക്കുന്നത്​. സഫീറിൽനിന്ന്​ 80 ലക്ഷം രൂപയും ബന്ധുക്കളിൽനിന്ന്​ 3.57 കോടി രൂപയും തട്ടിയെടുത്തെന്നാണ്​ മൊഴി. തട്ടിപ്പിനെക്കുറിച്ച്​ അറിയാമായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ്​ സെക്രട്ടറിയെ രണ്ടാം പ്രതിയാക്കിയത്​. മറ്റു​ ജില്ലാ പഞ്ചായത്ത്​ അംഗങ്ങളുടെയും സെക്രട്ടറിയുൾപ്പെടെ ജില്ലാ പഞ്ചായത്ത്​ ഉദ്യോഗസ്ഥരുടെയും പങ്കും വിശദമായി അന്വേഷിക്കുന്നുണ്ട്​.



deshabhimani section

Related News

View More
0 comments
Sort by

Home