ആഗോള നിക്ഷേപകസംഗമം: വ്യവസായങ്ങൾ സമയബന്ധിതമായി യാഥാർഥ്യമാക്കും- മന്ത്രി പി രാജീവ്


സ്വന്തം ലേഖകൻ
Published on Feb 24, 2025, 12:01 AM | 1 min read
കൊച്ചി: ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപകസംഗമത്തിലെ തീരുമാനങ്ങളും ധാരണകളും സമയബന്ധിതമായി നടപ്പാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. സംഗമത്തിൽ ലഭിച്ച താൽപര്യപത്രങ്ങളുടെ വിലയിരുത്തൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാക്കും. പദ്ധതികൾ പരമാവധി യാഥാർഥ്യമാക്കാൻ വ്യക്തമായ ഘടനയുള്ള സംവിധാനത്തിന് രൂപംനൽകി. നിയമപരമായി നടപ്പാക്കാൻ കഴിയുന്ന എല്ലാ വ്യവസായങ്ങളെയും സർക്കാർ പിന്തുണയ്‌ക്കും. താൽപ്പര്യപത്രങ്ങൾ നിയമപരമാണോ ചട്ടത്തിന് അനുസരിച്ചാണോ എന്ന് പരിശോധിച്ചായിരിക്കും ധാരണപത്രം ഒപ്പിടുക. ഉടൻ തുടങ്ങാൻ കഴിയുന്നവ, നിശ്ചിത സമയത്തിനുള്ളിൽ തുടങ്ങാൻ പറ്റാവുന്നവ എന്നരീതിയിൽ പദ്ധതികളെ തരംതിരിക്കും.
50 കോടി രൂപയ്‌ക്കുതാഴെയുള്ള നിക്ഷേപങ്ങൾ വ്യവസായ, വാണിജ്യ ഡയറക്ടർ മിർ മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പരിശോധിക്കും. 50 കോടി രൂപയ്‌ക്കുമുകളിലുള്ള സംരംഭങ്ങളുടെ താൽപ്പര്യപത്രങ്ങളെ ഏഴ് വിഭാഗങ്ങളായി തിരിക്കും. മാനേജർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ ചുമതലയിൽ ഏഴ് സംഘങ്ങൾക്ക് രൂപം നൽകും. അതിന്റെ നോഡൽ ഓഫീസർ കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണനാണ്. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾക്ക് ഏഴംഗസംഘത്തിനുപുറമെ അതത് മേഖലയിലെ വിദഗ്ധരെ ചുമതലപ്പെടുത്തും.
ആദ്യഘട്ടത്തിൽ 12 വിദഗ്ധരെ നിയമിക്കും. ഐടി മേഖലയിലെ താൽപ്പര്യപത്രങ്ങൾ ഐടി വകുപ്പുതന്നെ കൈകാര്യം ചെയ്യും. പദ്ധതികളുടെ പുരോഗതി ഡാഷ് ബോർഡ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
രണ്ടാഴ്ചയിലൊരിക്കൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലും മാസത്തിലൊരിക്കൽ വ്യവസായമന്ത്രിയുടെ അധ്യക്ഷതയിലും പദ്ധതികൾ വിലയിരുത്തും. അനുമതി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിതല സമിതി രൂപീകരിക്കുമെന്നും മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ- ബിപ് സിഇഒ സൂരജ് എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.









0 comments