ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് : നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കുന്നതിന് ഉപദേശക സമിതി രൂപീകരിച്ച് സർക്കാർ

INVESTERS GLOBAL MEET
വെബ് ഡെസ്ക്

Published on May 21, 2025, 04:51 PM | 1 min read

തിരുവനന്തപുരം : സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കുന്നതിന് ഉന്നതതല ഉപദേശക സമിതിക്ക് രൂപം നൽകി. നിക്ഷേപ വാഗ്ദാനങ്ങളുടെ വലിപ്പവും മേഖലകളുടെ വൈവിധ്യവും സാമ്പത്തിക പ്രാധാന്യവും വിലയിരുത്തി ഇവ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ഉപദേശക സമിതിയുടെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.


നിക്ഷേപ പദ്ധതികൾക്ക് സർക്കാർ തലത്തിൽ എല്ലാ സഹായവും നൽകുക, ചുവപ്പുനാടയിൽ കുടുങ്ങാതെ ആവശ്യമായ അനുമതികൾ ലഭ്യമാക്കുക, കാലതാമസം ഇല്ലാതെ പദ്ധതി നിശ്ചിത സമയപരിധിക്കുള്ളില്‍ യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതല. മന്ത്രി പി രാജീവാണ് സമിതി അധ്യക്ഷൻ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനും കെഎസ്ഐഡിസി മാനേജിങ്ങ് ഡയറക്ടർ കൺവീനറുമാണ്. സമിതിയിലെ മറ്റ് അംഗങ്ങൾ : ചെയർമാൻ, സിഐഐ - കേരളം, ചെയർമാൻ, ഫിക്കി - കേരളം, ചെയർമാൻ, കെഎസ്എസ്ഐഎ - കേരളം, സി ബാലഗോപാൽ , കെ എസ് ഐ ഡി സി ചെയർമാൻ, അജു ജേക്കബ്, എം ഡി - സിന്തൈറ്റ് & കെ എസ് ഐ ഡി സി ബോർഡ് മെമ്പർ, സി ജെ ജോർജ്, സി എം ഡി ജിയോജിത്ത് & കെ എസ് ഐ ഡി സി ബോർഡ് മെമ്പർ, വി കെ മാത്യൂസ്, ചെയർമാൻ ഐബിഎസ് & കെ എസ് ഐ ഡി സി ബോർഡ് മെമ്പർ, വ്യാപാര-വ്യവസായ ഡയറക്ട്രേറ്റ് ഡയറക്ടർ, കിൻഫ്ര മാനേജിങ്ങ് ഡയറക്ടർ.


ഉപദേശക സമിതി കൃത്യമായ ഇടവേളകളിൽ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തും. പദ്ധതി നിർവഹണത്തിൻ്റെ എല്ലാ ഘട്ടങ്ങളും സമിതി നിരീക്ഷിക്കുകയും വിവിധ വകുപ്പുകൾക്കിടയിലുള്ളതും ഏജൻസികൾക്കിടയിലുള്ളതുമായ സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും. പദ്ധതിയുടെ പ്രാധാന്യവും നടപ്പിലാക്കുന്നതിലെ തടസങ്ങളും കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിയേയും ആവശ്യമെങ്കിൽ മറ്റ് മേഖലകളിൽ നിന്ന് പ്രത്യേക ക്ഷണിതാക്കളെയും സമിതിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home