ഐകെജിഎസ്: നിക്ഷേപ പദ്ധതികൾ യാഥാർഥ്യത്തിലേക്ക്; 1,211 കോടി രൂപയുടെ 4 പദ്ധതികൾക്ക് തുടക്കം

invest kerala minister rajeev
വെബ് ഡെസ്ക്

Published on May 21, 2025, 04:41 PM | 2 min read

തിരുവനന്തപുരം : സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പു വച്ച 4 നിക്ഷേപ പദ്ധതികൾക്ക് ആരംഭം കുറിച്ചതായി മന്ത്രി പി രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,211 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കാണ് തുടക്കമായത്. 2675 കോടിയുടെ 8 പദ്ധതികൾക്ക് മെയ് മാസം തന്നെ തറക്കല്ലിടും. നിക്ഷേപക സംഗമത്തിൽ പുതുതായി പ്രഖ്യാപിച്ച പദ്ധതികൾ ആണ് ഇവയെല്ലാം.


invest kerala summit inauguration


ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റ് ആൻഡ് ഹോസ്പിറ്റൽ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്സ് (51 കോടി), എം എസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നീ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. 8 പദ്ധതികൾ കൂടി ഈ മാസം തന്നെ നിർമാണം ആരംഭിക്കും. കല്യാൺ സിൽക്സ്, അത്താച്ചി, സതർലാൻഡ്, ഗാഷ സ്റ്റീൽസ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡെൽറ്റ അഗ്രഗേറ്റ്സ് ഇൻഡസ്ട്രിയൽ പാർക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവർ താൽപര്യപത്രം ഒപ്പു വച്ച 2,675 കോടി രൂപയുടെ പദ്ധതികൾ മെയ് മാസത്തിൽ തന്നെ ആരംഭിക്കും. ജൂണിൽ 1,117 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമാകും. ബ്ലൂസ്റ്റാർ, അവിഗ്‌ന, എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ, കെ ബോർഡ് റബർ, കൃഷ്ണ കല മെഡിക്കൽ സയൻസസ് എന്നിവരുടെ പദ്ധതികളാണ് ജൂണിൽ ആരംഭിക്കുന്നത്. ലൈഫ് സയൻസ് പാർക്കിലെ 60 ഏക്കറിൽ ജിനോം സിറ്റി മാതൃകയിൽ ജെവി വെഞ്ച്വേഴ്സ് 3,800 കോടി രൂപ ബയോ മാനുഫാക്ചറിങ് മേഖലയിൽ നിക്ഷേപിക്കുന്ന പദ്ധതിയും ഉടനെ ആരംഭിക്കും. തോന്നക്കൽ കിൻഫ്ര പാർക്ക് ഈ മാസവും യൂണിറ്റി മാൾ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


INVEST KERALA GLOBAL SUMMIT


ഇതിന് പുറമേ ബ്ലൂസ്റ്റാർ റിയാൽട്ടേഴ്സ്, അൽഹിന്ദ്, എയർ പോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽസ്, എസ് എഫ്. ഒ ടെക്നോളജീസ്, കന്യോ ഹെൽത്ത്, അക്കോസ, ബിഎംഎച്ച് കെയർ ഹോസ്പിറ്റൽ, കൃഷ്ണകല ഹോസ്പിറ്റൽ, ഫ്യൂച്ചറിസ് ബൊത്തിക് ഹോസ്പിറ്റൽ തുടങ്ങിയവർ പ്രഖ്യാപിച്ച പദ്ധതികൾ വരും മാസങ്ങളിൽ തുടങ്ങും. പ്രധാന പദ്ധതികളുടെ നിർമ്മാണ പുരോഗതി വ്യവസായ മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തും.


ഐകെജിഎസിൽ പ്രഖ്യാപിച്ച പദ്ധതികളുമായി ബന്ധപ്പെട്ട് നയപരമായി എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജൂൺ 19 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗംചേരും. നിക്ഷേപ താൽപര്യപത്രങ്ങളുടെ തത്സമയ ട്രാക്കിങ്ങിനായി വെബ്പോർട്ടൽ രൂപകൽപന ചെയ്ത് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. നിക്ഷേപകരുടെ പ്രശ്നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് 5 ഘട്ടങ്ങളുള്ള എസ്കലേഷൻ പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.


INVEST KERALA GLOBAL SUMMIT


ഇതുവരെ 450 ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 4.80 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയാണ് നിർദ്ദേശങ്ങളിലുള്ളത്. ഐടി- ഐടി അനുബന്ധ മേഖലകളിലായി 29 കമ്പനികൾ 9, 300 കോടി രൂപയുടെ നിക്ഷേപ താൽപര്യം അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home