86 പദ്ധതി, 40,439 പേർക്ക് തൊഴിൽ ലഭിക്കും
നിക്ഷേപക സംഗമം ; 31,430 കോടിയുടെ പദ്ധതികൾ തുടങ്ങി

തിരുവനന്തപുരം
വ്യവസായ വകുപ്പ് ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ താൽപര്യപത്രം ഒപ്പുവച്ചവയിൽ 31,429.15 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി. 86 പദ്ധതികളുടെ നിർമാണമാണ് ആരംഭിച്ചത്. ഇതുവഴി 40,439 പേർക്ക് തൊഴിൽ ലഭിക്കും. . ജൂലൈയിൽ 1500 കോടിയുടെ മൂന്ന് പദ്ധതികളുടെയും ആഗസ്‌തിൽ 1437 കോടിയുടെ ആറു പദ്ധതികളുടെയും നിർമാണം ആരംഭിക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിക്ഷേപ വാഗ്‌ദാനം ലഭിച്ച 20.28 ശതമാനം പദ്ധതികളുടെ നിർമാണമാണ് ആരംഭിച്ചത്. കെഎസ്ഐഡിസിക്കാണ് മേൽനോട്ടച്ചുമതല. കിൻഫ്രയുടെ എട്ടു പാർക്കുകളിലായി 25 പദ്ധതികൾ ആരംഭിച്ചു. ഉച്ചകോടിയിൽ 1.52 ലക്ഷം കോടി രൂപയുടെ താൽപര്യപത്രങ്ങളാണ് ഒപ്പിട്ടത്. തുടർന്ന് ലഭിച്ച വാഗ്‌ദാനങ്ങൾ ഉൾപ്പെടെ 1.92 ലക്ഷം കോടി രൂപയുടെ പദ്ധതികളാണുണ്ടായിരുന്നത്. ഇതിൽനിന്ന് സൂക്ഷ്‌മപരിശോധനയിലൂടെ അന്തിമമാക്കിയ 1.77 ലക്ഷം കോടി രൂപയുടെ 424 പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനിച്ചത്.
പദ്ധതികൾ സമയക്രമമനുസരിച്ച് നിർമാണമാരംഭിക്കാൻ വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യവസായ മന്ത്രി ചെയർപേഴ്‌സണായി ഉപദേശക സമിതി രൂപീകരിച്ചു. കെഎസ്‌ഐഡിസി ഡയറക്‌ടർമാർ എല്ലാ ആഴ്‌ചയും പദ്ധതി വിലയിരുത്തും. മന്ത്രിയുടെ നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും പുരോഗതി വിലയിരുത്തും. പദ്ധതികളുടെ പുരോഗതി ഡാഷ്ബോർഡിൽ യഥാസമയം അറിയാം.
ജൂണിൽ ആരംഭിച്ച വൻകിട പദ്ധതികൾ
● പാലക്കാട് കിൻഫ്ര പാർക്കിലെ 70 ഏക്കറിൽ നടപ്പാക്കുന്ന ബിപിസിഎൽ പെട്രോളിയം ലോജിസ്റ്റിക്സ് പദ്ധതി (880 കോടി നിക്ഷേപം, 100 തൊഴിൽ).
● കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ ഗാഷ സ്റ്റീൽസിന്റെ ഇന്റഗ്രേറ്റഡ് ടിഎംടി മാനുഫാക്ചറിങ് പ്ളാന്റ് (510 കോടി നിക്ഷേപം, 200 തൊഴിലവസരം).
● എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽസ് (350 കോടി, 250 തൊഴിലവസരം)









0 comments