കെപിസിസിയുടെ അനുനയനീക്കം പാളി ; കോൺഗ്രസ് നിർദേശം തള്ളി ഐഎൻടിയുസി

തിരുവനന്തപുരം : എസ്‌യുസിഐ ആശാസമരത്തിന് പിന്തുണ നൽകണമെന്ന കോൺഗ്രസ് നിർദേശം തള്ളി ഐഎൻടിയുസി. കേന്ദ്ര ട്രേഡ് യൂണിയനുകൾ ചേർന്ന് മെയ് 20ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് ആശമാർ ഉൾപ്പെടെയുള്ള സ്‌കീം വർക്കേഴ്‌സിന്റേതാണെന്നും അതിനാൽ ട്രേഡ് യൂണിയൻ ഐക്യം തകർക്കാനില്ലെന്നുമുള്ള നിലപാടിലാണ് ഐഎൻടിയുസി നേതൃത്വം.
ഐഎൻടിയുസിയിൽ അഫിലിയേറ്റ്‌ചെയ്‌ത ആശാ വർക്കേഴ്‌സ് കോൺഗ്രസ് ഉള്ളപ്പോൾ എസ്‌യുസിഐയെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ് നിലപാടിൽ ഐഎൻടിയുസിക്ക് എതിർപ്പുണ്ട്. സമരത്തിന് ബിജെപിയുടെ പിന്തുണയുള്ളതും അവർ ചൂണ്ടിക്കാട്ടുന്നു. ആശാ വർക്കേഴ്‌സ് കോൺഗ്രസ് പ്രസിഡന്റ് കൂടിയാണ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ഈ സംഘടനയുടെ തകർച്ചയ്‌ക്കു ഇടയാക്കുന്നതാണ് കോൺഗ്രസ് സമീപനമെന്നത് ഐഎൻടിയുസി നേതൃത്വം അറിയിച്ചിട്ടുണ്ട്. എസ്‌യുസിഐയുടെ സമരത്തെ പിന്തുണയ്‌ക്കണമെന്ന് കെപിസിസി ഐഎൻടിയുസിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അത് സാധ്യമല്ലെന്നായിരുന്നു ഐഎൻടിയുസിയുടെ മറുപടി. തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന സമീപനമാണ് എസ്‌യുസിഐക്ക്. നേരത്തെ കെപിസിസി ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജുവും ആർ ചന്ദ്രശേഖരനുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ നിലപാട് മാറ്റാൻ ചന്ദ്രശേഖരൻ തയ്യാറായില്ല.









0 comments