print edition അന്തർസംസ്ഥാന സ്വകാര്യ ലക്ഷ്വറി ബസ്‌ സമരം തുടരുന്നു

Interstate Bus strike
വെബ് ഡെസ്ക്

Published on Nov 11, 2025, 12:39 AM | 1 min read


തിരുവനന്തപുരം

ഒരുവിഭാഗം അന്തർസംസ്ഥാന സ്വകാര്യ ലക്ഷ്വറി ബസുകളുടെ സമരം തുടരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങൾ അന്യായമായി നികുതി ഈടാക്കുന്നതിനെ തുടർന്നാണ്‌ സമരം. കേരളത്തിൽനിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള കോണ്‍ട്രാക്ട് കാരിയേജ് സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളാണ്‌ സർവീസ് നിർത്തിയത്‌. ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷനിൽ രജിസ്‌റ്റർ ചെയ്‌ത ആറ്‌ ഉടമകളുടെ 150 ബസുകളാണ്‌ കേരളത്തിൽ സമരത്തിലുള്ളത്‌. കർണാടകത്തിൽനിന്നുള്ള ബസുകൾക്ക്‌ തമിഴ്‌നാട്‌ നികുതി വാങ്ങിയതോടെയാണ്‌ പ്രശ്‌നങ്ങൾക്ക്‌ തുടക്കം. തുടർന്ന്‌ തമിഴ്‌നാട്ടിൽനിന്നുള്ള ബസുകൾക്ക്‌ കർണാടകവും നികുതി ഇ‍ൗടാക്കി തുടങ്ങി. കേരളത്തിൽനിന്നുള്ള ബസുകൾക്കും ഇത്‌ ബാധകമാക്കുകയായിരുന്നു.


നികുതി ഇ‍ൗടാക്കുന്നത്‌ സംബന്ധിച്ച്‌ അതാത്‌ സംസ്ഥാനങ്ങൾക്ക്‌ തീരുമാനമെടുക്കാം. ഓൾ ഇന്ത്യ പെർമിറ്റിന്‌ മൂന്നുമാസത്തേക്ക്‌ 90,000 രൂപ അടയ്‌ക്കണം. ഇതിന്‌ പുറമേ സംസ്ഥാന നികുതികൂടി അടച്ച്‌ സർവീസ്‌ നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന്‌ ലക്ഷ്വറി ബസ്‌ ഓണേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്‌ച തമിഴ്‌നാട്‌ ഗതാഗത മന്ത്രിയുമായി അവിടത്തെ ലക്ഷ്വറി ബസുകളുടെ ഉടമകളുടെ അസോസിയേഷൻ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പ്രശ്‌നം തീർക്കാൻ മൂന്നു സംസ്ഥാനങ്ങളിലെയും ഗതാഗത മന്ത്രിമാർ ഇടപെടണമെന്ന്‌ അസോസിയേഷൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home