ജാർഖണ്ഡ് ദമ്പതികൾക്കെതിരെ വിദ്വേഷപ്രചാരണം ശക്തമാക്കി സംഘപരിവാർ

ആലപ്പുഴ : ലൗ ജിഹാദ് ആരോപിച്ച് ബന്ധുക്കളും തീവ്രഹിന്ദുസംഘടനകളും കൊന്നുതള്ളുമെന്ന് ഭീഷണി ഉയർത്തിയതിനെത്തുടർന്ന് കേരളത്തിൽ അഭയം തേടി വിവാഹിതരായ ജാർഖണ്ഡ് സ്വദേശികൾക്കെതിരെ സംഘപരിവാർ വിദ്വേഷപ്രചാരണം തുടരുന്നു.
ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ഗാലിബിനും ആശ വർമയ്‌ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ഇക്കാലയളവിൽ സ്വദേശത്തേക്ക് മടക്കി അയക്കരുതെന്നും ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷവും സംഘപരിവാർ നുണപ്രചാരണം തുടരുകയാണ്. വ്യാജ അക്കൗണ്ടുകളിലൂടെ നവമാധ്യമങ്ങളിലും സംഘപരിവാർ അനുകൂല മാധ്യമങ്ങളും യൂട്യുബ് ചാനലുകളിലുമാണ് പ്രചാരണത്തിന് മുന്നിൽ. ഇവരുവർക്കും അഭയംനൽകിയ കേരളത്തെയും സംരക്ഷണമൊരുക്കുമെന്ന് പ്രഖ്യാപിച്ച ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകളെയും ആക്ഷേപിക്കുന്നതരത്തിലാണ് പോസ്റ്റുകളിൽ പലതും. കേരളം ലൗ ജിഹാദിന് സംരക്ഷണം നൽകുന്നതായി പല പോസ്റ്റുകളിലും പറയുന്നു. സമൂഹമാധ്യമമായ എക്‌സിൽ ഉത്തരേന്ത്യൻ പ്രൊഫൈലുകൾ വ്യാപകമായാണ് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾക്ക് കീഴിലും വ്യാപകമായ വിദ്വേഷ കമന്റുകളാണ് വരുന്നത്.
ഇരുവരെയും അനുകൂലിച്ചുള്ള പോസ്റ്റുകൾക്ക് കീഴിലും അശ്ലീല കമന്റുകളടക്കം വരുന്നുണ്ട്. ആശ വർമയുടെയും മുഹമ്മദ് ഗാലിബിന്റെയും നവമാധ്യമ അക്കൗണ്ടുകളിൽ ഭീഷണി സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ഇരുവരെയും വകവരുത്തുമെന്നാണ് കമന്റുകളിൽ അധികവും. ഇതേ തുടർന്ന് നവമാധ്യമ അക്കൗണ്ടുകൾ ഇരുവരും പ്രവർത്തന രഹിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ഉടമസ്ഥതയിലുള്ള ചാനലിൽനിന്നും പത്രത്തിൽനിന്നും ലേഖകർ ബന്ധപ്പെട്ടിരുന്നതായും മോശവും സത്യത്തിന് നിരക്കാത്ത രീതിയിലുമായിരുന്നു പെരുമാറ്റമെന്നും ആശയുടെയും ഗാലിബിന്റെയും അഭിഭാഷക അഡ്വ. ഗയ എസ് ലത ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.









0 comments