കളമശ്ശേരിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആൻഡ് റെയിൽ ടെക്‌നോളജി

തിരുവനന്തപുരം : കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും (കെയ്‌സ്) നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആൻഡ് റെയിൽ ടെക്‌നോളജി ( ഐഎംആർടി) എറണാകുളം കളമശ്ശേരിയിൽ സ്ഥാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 290 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് എല്ലാ സഹായവും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തതായും മന്ത്രി പറഞ്ഞു. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരിയുടെ അധ്യക്ഷതയിൽ ഹൈദരാബാദിൽ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഐഎംആർടി സയമബന്ധിതമായി സ്ഥാപിക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് യോഗത്തിൽ കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തും എറണാകുളത്തും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്‌സിന്റെ (ഐഐഎഫ്എൽ) രണ്ട് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഉറപ്പു നൽകി. 11 കോടി രൂപ ചിലവിൽ ഇരുപതിനായിരം സ്‌ക്വയർ ഫീറ്റിൽ സ്ഥാപിക്കുന്ന ഈ കേന്ദ്രങ്ങൾ എറണാകുളം അങ്കമാലിയിലെ കെയ്‌സിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും തിരുവനന്തപുരത്ത് കരമനയിലും ആണ് സ്ഥാപിക്കുന്നത്.
നൈപുണ്യ രംഗത്ത് ആവശ്യമുള്ള പരിശീലകരെ വാർത്തെടുക്കുന്നതിനായി ഒരു പുതിയ പദ്ധതി വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ഇത് നടപ്പിലാക്കാൻ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന്
ഉറപ്പു നൽകിയതായും മന്ത്രി പറഞ്ഞു. കേരളത്തിലെ നൈപുണ്യ വികസന പ്രവർത്തനങ്ങളെ നേരിൽ കണ്ട് മനസ്സിലാക്കുന്നതിന് കേന്ദ്ര മന്ത്രി ജൂലൈയിൽ കേരളത്തിൽ എത്തുമെന്നും മന്ത്രി അറിയിച്ചു.









0 comments