കൊടുംക്രൂരം, അവിശ്വസനീയം

തൃശൂർ:
വിവാഹത്തിന് മുമ്പെ പതിനെട്ടാം വയസ്സിൽ ആദ്യം ഗർഭിണിയാവുക. പ്രസവിച്ച നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടുക. ഒന്നല്ല, രണ്ട് തവണ. കുഞ്ഞിന്റെ അസ്ഥികൾ സഞ്ചിയിലാക്കി സുഹൃത്തിന് കൈമാറുക. സുഹൃത്ത് അസ്ഥികൾ സൂക്ഷിച്ച് വയ്‌ക്കുക. ഒടുവിൽ കുട്ടികളുടെ അസ്ഥിയുമായി സ്‌റ്റേഷനിൽ എത്തുക.
മറ്റത്തൂരിലും ആമ്പല്ലൂരിലുമായുണ്ടായ സംഭവങ്ങൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആമ്പല്ലൂർ ചേനക്കാല ഭവിൻ, മറ്റത്തൂർ നൂലുവള്ളി മുല്ലക്കപ്പറമ്പിൽ അനീഷ എന്നിവരാണ് സംഭവത്തിലെ പ്രതികൾ. ഫേസ്‌ബുക്ക് വഴിയുള്ള പരിചയവും അതുവഴിയുള്ള അവിഹിത ബന്ധവുമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. അനീഷയുടെ വീട്ടിലാണ് രണ്ടു തവണ പ്രസവം നടന്നതെന്നാണ് മൊഴി.
18 വയസ്സുകാരി പത്തുമാസം ഗർഭിണിയാവുമ്പോൾ വീട്ടുകാർക്ക് തിരിച്ചറിയാൻ കഴിയില്ലേയെന്ന് സംശയങ്ങൾ ഉയരുന്നുണ്ട്. നാലുവർഷത്തിനിടെ രണ്ടുതവണ ഗർഭിണിയായി. കുഞ്ഞിനെ വീട്ടുപറമ്പിൽ കുഴിച്ചിടാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന് പിറകിൽ കനാലിൽ കുഴിച്ചിടുന്നു. പിന്നീട് മാന്തി അസ്ഥികൾ സൂക്ഷിക്കുന്നതും വിചിത്രമാണ്.
പ്രതികളുടെ മാനസികാവസ്ഥ വികൃതമാണെന്നാണ് പൊലീസ് വിലയിരുത്തൽ.
രണ്ടു കുട്ടിയേയും അനീഷ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലക്കുറ്റം മറയ്‌ക്കുന്നതിനും ജഡം കുഴിച്ചുമൂടുന്നതിനും ഭവിൻ കൂട്ടുപ്രതിയാണ്. അനീഷയെ നൂലുവള്ളിയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുട്ടിയെ കുഴിച്ചിട്ടതായി പറയുന്ന ആമ്പല്ലൂരിലെ കനാലിന് സമീപം ഭവിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഈ ഭാഗം പൊലീസ് ബന്തവസാക്കി.









0 comments