പോർട്ടലുകൾ ഏകോപിപ്പിക്കും

വ്യവസായ സംരംഭം ; സർക്കാർ അനുമതികൾ ഇനി ഞൊടിയിടയിൽ

industries in kerala
വെബ് ഡെസ്ക്

Published on Jun 26, 2025, 01:17 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്ത്‌ വ്യവസായ സംരംഭങ്ങൾക്കുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ അനുമതികൾ ഇനി വേഗത്തിലാകും. ഇതിനായി കേരളത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പോർട്ടലായ കെ സ്വിഫ്റ്റ്, ദേശീയ ഏകജാലക സംവിധാനമായ എൻഎസ്ഡബ്ല്യുഎസുമായി സംയോജിപ്പിക്കും. ഇതുവഴി വകുപ്പുകൾ തമ്മിലുള്ള ഏകോപനം സാധ്യമാകുകയും സംരംഭങ്ങളുടെ അനുമതി പ്രക്രിയ എളുപ്പത്തിലാവുകയും ചെയ്യും. ഒന്നിലധികം അനുമതികൾ നേടുന്നതിലെ സങ്കീർണത ഒഴിവാക്കാനും കേന്ദ്ര- സംസ്ഥാന വകുപ്പുകൾ തമ്മിലുള്ള അനുമതി പ്രക്രിയ ത്വരിതപ്പെടുത്താനും ഏകോപനം സഹായകമാകും.


എൻഎസ്ഡബ്ല്യുഎസ്‌ അനുമതിയുടെ തുടർച്ചയായി സംസ്ഥാനത്തുനിന്നുള്ള സേവനങ്ങൾക്കായി കെ- സ്വിഫ്റ്റ് പോർട്ടൽ (https://kswift.kerala.gov.in/index/) നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താം. എൻഎസ്ഡബ്ല്യുഎസ് പ്ലാറ്റ്ഫോമിൽ "Know your approvals' (KYA) എന്ന വിഭാഗത്തിൽ 32 കേന്ദ്ര വകുപ്പുകൾക്കുള്ള മാർഗനിർദ്ദേശം ഉൾപ്പെടുന്നു. ഇതിലൂടെ നിക്ഷേപകർക്ക് കേരളത്തിലെ ബിസിനസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ അംഗീകാരങ്ങൾ അറിയാനും സംസ്ഥാന ക്ലിയറൻസുകൾ നേടുന്നതിന് കെ സ്വിഫ്റ്റിലേക്ക് പോകാനും സാധിക്കും.


ഒന്നിലധികം ലോഗിനുകളില്ലാതെ എൻഎസ്ഡബ്ല്യുഎസിന്റെയും കെ സ്വിഫ്റ്റിന്റെയും അനുമതി ലഭിക്കും. വകുപ്പുതല ക്ലിയറൻസുകൾക്കായി ഏകീകൃത അപേക്ഷ സമർപ്പിക്കാൻ സഹായിക്കുന്ന കോമൺ ആപ്ലിക്കേഷൻ ഫോറത്തിലേക്ക് (സിഎഎഫ്) എളുപ്പത്തിൽ പ്രവേശനം സാധ്യമാകും. രണ്ട് പ്ലാറ്റുഫോമുകളിലുമുള്ള അപേക്ഷകളുടെ നില നിക്ഷേപകർക്ക് തത്സമയം ട്രാക്ക് ചെയ്യാം.


സംസ്ഥാന വ്യവസായ വികസന കോർപറേഷൻ നടപ്പാക്കിയ കെ- സ്വിഫ്റ്റ് വ്യവസായങ്ങൾ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള അനുമതികൾ നേടുന്നതിനുള്ള ഏകീകൃത സംവിധാനമാണ്. ഇന്ത്യയിലുടനീളം വ്യവസായങ്ങൾക്ക് ആവശ്യമായ അപേക്ഷകൾക്കും അനുമതികൾക്കും നിക്ഷേപകരെ സഹായിക്കാൻ രൂപകൽപ്പന ചെയ്‌ത കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് എൻഎസ് ഡബ്ല്യുഎസ്.





deshabhimani section

Related News

View More
0 comments
Sort by

Home