തപാൽ ഉരുപ്പടി വിതരണവും സ്വകാര്യമേഖലയ്ക്ക് ; ആദ്യഘട്ടമായി സംസ്ഥാനത്ത് 20 സ്വതന്ത്ര വിതരണ കേന്ദ്രം

വി കെ രഘുപ്രസാദ്
Published on Apr 28, 2025, 02:26 AM | 1 min read
പാലക്കാട് : തപാൽ ഓഫീസുകൾ വഴിയുള്ള ഉരുപ്പടി വിതരണവും സ്വകാര്യവത്‌ക്കരിക്കാൻ കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി സ്വതന്ത്ര വിതരണ കേന്ദ്രങ്ങൾ (ഐഡിസി) ആരംഭിക്കാനാണ് നീക്കം. ഉരുപ്പടികളുടെ വാതിൽപ്പടി വിതരണം അട്ടിമറിച്ച്, ഈ മേഖലയിൽ സ്വകാര്യവൽക്കരണത്തിന് കളമൊരുക്കുകയാണ് ലക്ഷ്യം. ജൂൺ 30നകം സ്വതന്ത്രവിതരണ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാനാവശ്യപ്പെട്ട് സംസ്ഥാനത്തെ പോസ്റ്റൽ ഡിവിഷൻ അധികൃതർക്ക് സർക്കുലറുകൾ ലഭിച്ചു.
ആദ്യഘട്ടമായി സംസ്ഥാനത്ത് 20 പോസ്‌റ്റൽ ഡിവിഷനുകളിലായി ഓരോന്നുവീതം 20 ഐഡിസികൾ തുടങ്ങാനായി നിർദേശം ക്ഷണിച്ചു.
ഐഡിസികളുടെ പ്രവർത്തനത്തിന് തപാൽ വകുപ്പിനുകീഴിലെ കെട്ടിടം ഉപയോഗിക്കാമെന്നും രണ്ടാംഘട്ടത്തില്‍ പുതിയ കെട്ടിടം നിർമിച്ച് അതിലേക്ക് മാറാമെന്നും സർക്കുലറിൽ പറയുന്നു. 50 മുതൽ 80വരെ പോസ്റ്റ്‌മാന്മാരെ നാലോ അഞ്ചോ സ്വതന്ത്ര വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിതരണത്തിന് കൂടുതൽ ജീവനക്കാരെ ആവശ്യമെങ്കിൽ പുറംകരാർ നൽകാനും ഫ്രാഞ്ചൈസി നൽകാനും സർക്കുലറിൽ നിർദേശമുണ്ട്.
ഗ്രാമ–നഗര വ്യത്യാസമില്ലാതെ പോസ്റ്റ് ഓഫീസുകളിൽനിന്നുള്ള തപാൽ വിതരണം പൂര്‍ണമായും ഇത്തരം കേന്ദ്രത്തിലേക്ക് മാറ്റും. ഉരുപ്പടിയുമായി പോസ്റ്റുമാൻ വീട്ടിലെത്തുമ്പോൾ മേൽവിലാസക്കാരൻ സ്ഥലത്തില്ലെങ്കിൽ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി കൈപ്പറ്റാൻ നിലവിൽ സൗകര്യമുണ്ട്. ഐഡിസികൾ വരുന്നതോടെ ഈ സംവിധാനം ഇല്ലാതാകും. തൊട്ടടുത്ത പോസ്റ്റ് ഓഫീസിനുപകരം പത്തോ ഇരുപതോ കിലോമീറ്റർ ദൂരെയുള്ള ഐഡിസികളിലെത്തി ഉരുപ്പടി കൈപ്പറ്റണം. ഇത് സാധാരണക്കാരെ തപാൽ മേഖലയിൽനിന്നകറ്റും. സ്വകാര്യ കൊറിയർ സംവിധാനങ്ങളെ ആശ്രയിക്കാൻ വഴിയൊരുക്കും. പോസ്റ്റ് ഓഫീസ് ജീവനക്കാർ വിരമിക്കുന്ന മുറയ്‌ക്ക് പൂർണമായും പുറംകരാർ സംവിധാനത്തിലേക്ക് തപാൽ വിതരണം മാറും.
2023ൽ പോസ്റ്റൽ ആക്‌ട് ഭേദഗതി ചെയ്‌ത കേന്ദ്രസർക്കാർ സകാര്യവൽക്കരണത്തിന് തുടക്കമിട്ടിരുന്നു. പിന്നീട് രാജ്യത്ത് ഇരുന്നൂറോളം ആർഎംഎസുകൾ അടച്ചുപൂട്ടി. 2028ഓടെ തപാൽ മേഖല പൂർണമായി സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.









0 comments