15 പോസ്റ്റൽ ഡിവിഷനുകൾക്ക് കീഴില്‍ 22 സ്വതന്ത്രവിതരണ കേന്ദ്രങ്ങൾ
തപാൽ സ്വകാര്യവൽക്കരണം ; സ്വതന്ത്രവിതരണ കേന്ദ്രങ്ങൾ 30 മുതൽ

വി കെ രഘുപ്രസാദ്
Published on Jun 27, 2025, 01:26 AM | 1 min read
പാലക്കാട്
സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടി തപാൽ ഉരുപ്പടികളുടെ സ്വതന്ത്രവിതരണ കേന്ദ്രങ്ങൾ (ഐഡിസി) തിങ്കളാഴ്‌ച പ്രവർത്തനം തുടങ്ങുന്നു. സംസ്ഥാനത്തെ 15 തപാൽ ഡിവിഷനുകളിലായി 22 വിതരണകേന്ദ്രങ്ങളാണ് നിലവിൽ വരുന്നത്. ഞായറാഴ്‌ചയോടെ ഐഡിസികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും വാഹന സൗകര്യം ഉറപ്പുവരുത്താനുംചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറൽ നിർദേശം നൽകി.
തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകളിലെ ഉരുപ്പടി വിതരണവും പോസ്റ്റുമാൻമാരുടെ സേവനവും ഐഡിസികളിലേക്ക് മാറ്റും. 392 പോസ്റ്റുമാന്മാരെ ഐഡിസികളിലേക്ക് മാറ്റും. ഇതോടെ പോസ്റ്റ് ഓഫീസുകളിൽനിന്നുള്ള തപാൽ വിതരണം അവസാനിക്കും.
ശനിയാഴ്‌ചയ്‌ക്കകം ഹബ്ബുകളിൽനിന്ന് പോസ്റ്റ് ഓഫീസുകളിലേക്ക് തപാൽ അയക്കുന്നത് നിർത്താനും ഐഡിസിയിലേക്ക് അയക്കാനും ആർഎംഎസുകൾക്ക് നിർദേശം നൽകി. ജൂൺ 30നകം സ്വതന്ത്രവിതരണ കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര സര്‍ക്കാര്‍ മെയ് 29ന് ഉത്തരവിറക്കിയിരുന്നു.
തപാൽ വാതിൽപ്പടി സേവനം അവസാനിപ്പിച്ച് സ്വകാര്യവൽക്കരണത്തിന് കളമൊരുക്കാനാണ് കേന്ദ്രനീക്കം. പോസ്റ്റ്‌മാൻ എത്തുമ്പോൾ മേൽവിലാസക്കാരൻ സ്ഥലത്തില്ലെങ്കിൽ പത്തോ ഇരുപതോ കിലോമീറ്റർ ദൂരെയുള്ള സെന്ററുകളിൽപ്പോയി ഉരുപ്പടി വാങ്ങേണ്ടിവരും. ഇത് സാധാരണക്കാരെ തപാൽ മേഖലയിൽനിന്നകറ്റും. സ്വകാര്യ സംവിധാനങ്ങളെ ആശ്രയിക്കാനും ഇടയാക്കും.










0 comments