print edition ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് മര്യാദകേടെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം : ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് ശുദ്ധമര്യാദകേടാണെന്ന് അടൂർ പ്രകാശ്. പ്രകടന പത്രികയിൽ പറഞ്ഞു എന്നു കരുതി, അവസാന നിമിഷം പ്രഖ്യാപനങ്ങൾ ഉണ്ടാകുക എന്നത് ശുദ്ധമര്യാദകേടാണെന്ന് അടൂർ പ്രകാശ് ചാനലിനോട് പറഞ്ഞു. സർക്കാർ ക്ഷേമപെൻഷൻ വർധനയുമായി ബന്ധപ്പെട്ട് നിലവിൽ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അടൂർ പ്രകാശ് ഇത്രയും അസഹിഷ്‌ണുത കാണിക്കുകയും നിഷേധാത്മകമായി പ്രതികരിക്കുകയും ചെയ്‌തത്. പെൻഷൻ വാങ്ങുന്നവരെ ഭിക്ഷാപാത്രവുമായി തെരുവിലിറക്കി എന്ന അധിക്ഷേപ പരാമർശവും ഉണ്ടായി.
സെപ്‌തംബറിലെ സാമൂഹ്യസുരക്ഷ പെൻഷൻവരെ സർക്കാർ വിതരണം ചെയ്‌തിട്ടുണ്ട്. എന്നിട്ടും ക്ഷേമപെൻഷൻ സമയത്ത് കൊടുക്കാനുള്ള തീരുമാനമാണ് ആദ്യം എടുക്കേണ്ടതെന്നായിരുന്നു അടൂർ പ്രകാശിന്റെ വിചിത്രന്യായം. ഈ സർക്കാർ ഇതുവരെ 42,841 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് ചെലവിട്ടത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് 62 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയെ ക്ഷേമപെൻഷൻ കൈക്കൂലി ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പരിഹസിച്ചിരുന്നു.









0 comments