മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകർ റിമാൻഡിൽ

പരിക്കേറ്റ ഫേട്ടോഗ്രാഫര്‍ അരുൺരാജ്
തിരുവനന്തപുരം: അപകടകരമാംവിധം ഓട്ടോ ഓടിച്ചത് ചോദ്യംചെയ്ത ദേശാഭിമാനി മാധ്യമപ്രവർത്തരെ ആക്രമിച്ച കേസിൽ ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകർ റിമാൻഡിൽ. ഐഎൻടിയുസി ചുമട്ടുതൊഴിലാളി ബേക്കറി ജങ്ഷൻ അപർണാ ഹൗസിൽ ഷിബു (45), ബിഎംഎസ് ചുമട്ടുതൊഴിലാളികളായ പാപ്പനംകോട് നീറമൺകര വടക്കേത്തോപ്പ് വീട്ടിൽ ഷിബു ചന്ദ്രൻ (34), വട്ടിയൂർക്കാവ് വലിയവിള കാർത്തിക ഭവനിൽ ജി ഷിബു (50) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ജോലിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ കനകക്കുന്ന് ഭാഗത്തേക്ക് പോയ ഫോട്ടോഗ്രാഫർ എ ആർ അരുൺരാജ്, റിപ്പോർട്ടർ അശ്വതി ജയശ്രീ എന്നിവർക്കാണ് മർദനമേറ്റത്. ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് അരുൺരാജിന്റെ മൂക്കിന് ഗുരുതര പരിക്കേറ്റു. അരുണിനെ വളഞ്ഞിട്ട് ആക്രമിച്ചത് തടയാൻ ശ്രമിച്ച റിപ്പോർട്ടർ അശ്വതി ജയശ്രീയെയും ഇവർ പിടിച്ചുതള്ളി. പ്രതികൾ ബേക്കറി ജങ്ഷനിലെ സ്ഥിരം ശല്യക്കാരാണെന്ന് നാട്ടുകാർ പറയുന്നു. ഇ തിൽ ജി ഷിബു മറ്റൊരു കേ സിലും പ്രതിയാണ്. ബേക്കറി ജങ്ഷനിൽ റിസർവ് ബാങ്കിന് എതിർവശത്തെ താൽക്കാലിക ഷെഡിലാണ് ഇവർ തമ്പടിക്കുന്നത്. അനധികൃതമായി ഇവിടെ ഓട്ടോ നിർത്തിയിടുകയും ചോദ്യംചെയ്യുന്നവരെ അസഭ്യം വിളിക്കുന്നതും പതിവാണ്. പലപ്പോഴും ബിജെപി–- കോൺഗ്രസ് പ്രാദേശിക നേതാക്കളാണ് ഇവരെ സംരക്ഷിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
0 comments