ഞാൻ രേവതി വാൻകൂവർ ഫെസ്റ്റിവലിലേക്ക്

ട്രാൻസ് വനിത, എഴുത്തുകാരി, ആക്ടിവിസ്റ്റ്, നാടക കലാകാരി എന്നീ നിലകളിൽ പ്രശസ്തയായ എ രേവതിയുടെ ജീവിതം പറയുന്ന ചലച്ചിത്രം ഐ ആം രേവതി അന്താരാഷ്ട്ര വേദിയിലേക്ക്. ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ 44th Vancouver International Film Festival (VIFF 2025) ഫോക്കസ്സ് വിഭാഗത്തിലാണ് പി അഭിജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രദർശിപ്പിക്കുക.
കാനഡയിൽ ഒക്ടോബർ 2 മുതൽ 12 വരെയാണ് മേള.
രേവതിയുടെ ജീവതത്തെ കുറിച്ച് ആഴത്തിലുള്ളതും വ്യക്തിപരമായി അടുപ്പമുള്ളതുമായ നേർക്കാഴ്ചയാണ് ഐ ആം രേവതി നൽകുന്നത്. 1980-കളുടെ മധ്യത്തിൽ തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ഹിജ്‌ഡ സമൂഹങ്ങളിലേക്കുള്ള രേവതിയുടെ യാത്രയാണ് പി അഭിജിത്തിന്റെ ഡോക്യുമെന്ററി.
രേവതിയുടെയും അവരുടെ സമകാലികരുടെയും ഓർമ്മകളിലൂടെ ട്രാൻസ് അവകാശങ്ങൾക്കായുള്ള പോരാട്ടം സിനിമയിലൂടെ പ്രേക്ഷകരുടെ അനുഭവമാകുന്നു.
ട്രാൻസ്‌ജെൻഡർ ആളുകളുടെ ജീവിതാനുഭവങ്ങൾ ഫോട്ടോഗ്രാഫർ കൂടിയായ അഭിജിത്ത് ചിത്രീകരിച്ചു. അവരുടെ പോരാട്ടങ്ങൾ, ശക്തി, ദൃശ്യത, അന്തസ്സ്, സാമൂഹിക അംഗീകാരം എന്നിവയ്‌ക്കായുള്ള നിരന്തരമായ പോരാട്ടം എന്നിവയിലേക്ക് രേവതിയിലൂടെ വെളിച്ചം പകർന്നു. എ മുഹമ്മദ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.
തിരുവനന്തപുരത്ത് ബുധനാഴ്ച അവസാനിച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമാണ്. രേവതി തന്നെയാണ് രംഗത്ത് എത്തുന്നത്. തമിഴ് മലയാളം കന്നഡ ഭാഷകളിലായാണ് ചിത്രീകരണം. അമൽജിത്ത് ചിത്ര സംയോജനവും എ ശോഭിക നിർമ്മാണവും നിർവ്വഹിച്ചു. രാജേഷ് വിജയ്, ശ്യാം എസ് കെ എന്നിവർ പശ്ചാത്തല സംഗീതം ഒരുക്കി.
ബാഡ് ഗേൾ, സൈക്കിൾ മഹേഷ്, ഹിഡൻ ട്രെമോർസ്, സീക്രട്ട്സ് ഓഫ് എ മൗണ്ടൻ സെർപന്റ് തുടങ്ങിയ ചിത്രങ്ങളും ഫോക്കസ് വിഭാഗത്തിൽ പരിഗണിക്കപ്പെട്ടു.









0 comments