പാഠപുസ്‌തകം മാറ്റാൻ പറഞ്ഞാൽ മനസ്സില്ലെന്ന്‌ പറയും: എം വി ജയരാജൻ

M V Jayarajan
വെബ് ഡെസ്ക്

Published on Oct 25, 2025, 10:53 PM | 1 min read

ആലപ്പുഴ: ഇടതുപക്ഷം സംസ്ഥാനത്തിന്‌ അർഹതപ്പെട്ട പണം നേടുന്നതിനൊപ്പം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ തുറന്നുകാട്ടുകയും ചെയ്യുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. പാഠപുസ്‌തകം മാറ്റണമെന്ന്‌ പറഞ്ഞാൽ മനസ്സില്ലെന്ന്‌ പറയും. മേനാശേരി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അനഘാശയൻ നഗറിൽ (പൊന്നാംവെളി) ചേർന്ന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


കേരളം നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ ആർജിച്ച നേട്ടങ്ങൾ പുതിയതലമുറയെ പഠിപ്പിക്കാൻ കഴിയുംവിധത്തിൽ പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കും. ശാസ്‌ത്രചിന്ത കുട്ടികളിൽ വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിൽ എസ്‌സിആർടി പാഠഭാഗങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്‌. 82 കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ 17 എണ്ണത്തിന്റെയും പേര്‌ പി എം എന്നാണ്‌ തുടങ്ങുന്നത്‌. അതിലൊന്നാണ്‌ പി എം ശ്രീ. കേരളം വിദ്യാഭ്യാസ മേഖലയിൽ ആർജിച്ച നേട്ടങ്ങളെ തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്ന ആ നയത്തോട് ഇടതുപക്ഷം യോജിക്കില്ല. കേന്ദ്രം സംസ്ഥാനങ്ങളോട് സ്വീകരിക്കുന്ന സമീപനം വിവേചനപരമാകരുത്. ഇക്കാര്യത്തിൽ ഇടതുപക്ഷ പാർട്ടികൾക്കെല്ലാം ഒരേനയമാണ്.


കേരളത്തിൽ പാഠ്യപദ്ധതി തയ്യാറാക്കാൻ എസ്‌സിആർടിയുടെ വിദഗ്ധരുണ്ട്. പാഠപുസ്തകങ്ങളിൽ ഗാന്ധിവധം ഒഴിവാക്കണമെന്ന് പറഞ്ഞപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും അത് നടപ്പാക്കി. കേരളത്തിൽ നടപ്പാക്കിയില്ലെന്ന്‌ മാത്രമല്ല പുസ്‌തകങ്ങളിൽ ഗാന്ധിവധത്തെക്കുറിച്ച്‌ വിശദ വിവരങ്ങൾ നൽകി. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രം നൽകുന്ന പണം ഒ‍ൗദാര്യമല്ല. അതു സ്വീകരിക്കുന്നത്‌ തെറ്റുമല്ല. ആർഎസ്‌എസ്‌ അജണ്ട കേരളത്തിൽ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home