പ്രേക്ഷക പ്രീതി നേടി ഇലക്ഷൻ ഡയറീസ്

ഐഡിഎസ്എഫ്എഫ്കെയ്ക്കെത്തിയ റസൂൽ പൂക്കുട്ടിയോടൊപ്പം സെൽഫിയെടുക്കുന്ന ക്രോസ് സെക്ഷൻ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ജിഷ്ണു കെ മനോജും നായിക അനുശ്രീയും അച്ഛനും
തിരുവനന്തപുരം
17–-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള മൂന്നാം ദിവസത്തെ വേറിട്ടതാക്കി ‘ഇലക്ഷൻ ഡയറീസ്', ‘എ റൂം ഓഫ് അവർ ഓൺ' വിഭാഗങ്ങൾ. ഇന്ത്യൻ സിനിമയ്ക്ക് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികൾ നൽകിയ സംഭാവനകളെ അടയാളപ്പെടുത്തുന്നതാണ് ‘എ റൂം ഓഫ് അവർ ഓൺ' എന്ന വിഭാഗം. ജർമനിയിലെ ഗോട്ടിൻജൻ യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ മോഡേൺ ഇന്ത്യൻ സ്റ്റഡീസ് (സെമിസ്) നിർമിച്ച ഡോക്യുമെന്ററികളാണ് ‘ഇലക്ഷൻ ഡയറീസ്' വിഭാഗത്തിലുള്ളത്.
ജാതി വിവേചനത്തിനെതിരായ ദളിത് സുബ്ബയ്യയുടെ പോരാട്ടത്തെ പുനരാഖ്യാനം ചെയ്ത എംകെപി ഗ്രിധരന്റെ ‘ദളിത് സുബ്ബയ്യ: വോയ്സ് ഓഫ് ദി റെബൽസ്,’ എഴുപത് വയസ്സുള്ള ലച്ചുമിയുടെ ജീവിതത്തിലെ ഇച്ഛകളും ഏകാന്തതയും വാർധക്യ പ്രശ്നങ്ങളും അവതരിപ്പിച്ച പളനി റാമിന്റെ ‘ദി ബാലഡ് ഓഫ് ദി ഫാം,' ചാലിയാർ സമര നേതാവ് കെ എ റഹ്മാന്റെ ജീവിതവും പാരമ്പര്യവും ആഴത്തിൽ പരിശോധിക്കുന്ന സി കെ ഫർസാനയുടെ ‘അദ്രയിൽ' എന്നിവയും മികച്ച കാഴ്ചാനുഭവം നൽകി.
ഇന്ത്യയിലെ വനിതാ ബ്ലൈൻഡ് ഫുട്ബോൾ കളിക്കാരുടെ അഭിനിവേശവും അതിജീവനവും ആഘോഷിക്കപ്പെടുന്ന രാജ് ബിപിൻ മാൽഡെയുടെ ‘വോയ്', കോവിഡ് ലോക്ക്ഡൗൺ കാലത്ത് വീട്ടിലേക്ക് മടങ്ങിയെത്താൻ ബൈസിക്കിളിൽ നടത്തിയ പ്രയാണം രേഖപ്പെടുത്തിയ സൈക്കിൾ മഹേഷ്, ഇറാനിയൻ-കനേഡിയൻ കുടുംബത്തിന്റെ തലമുറകളിലെ സാംസ്കാരികവും ലിംഗപരവുമായ സ്വത്വത്തിന്റെ പരിണാമം നിരീക്ഷിച്ച എ ഹിസ്റ്ററി ഓഫ് സാഡ്നെസ്സ് എന്നിവയ്‌ക്കും മികച്ച പ്രതികരണം ലഭിച്ചു.
ബീന പോൾ, റീന മോഹൻ, സുരഭി ശർമ എന്നിവർ ക്യൂറേറ്റ് ചെയ്ത ‘എ റൂം ഓഫ് അവർ ഓൺ' എഫ്ടിഐഐ വനിതാ ബിരുദധാരികളുടെ ഓർമകളുടെയും അനുഭവങ്ങളുടെയും ഡിജിറ്റൽ ശേഖരമാണ്. പുരുഷാധിപത്യ സ്ഥാപനത്തിനുള്ളിലെ സ്ത്രീകളുടെ പോരാട്ടങ്ങളെയും തിരിച്ചറിവുകളെയും ചുറ്റിപ്പറ്റിയ ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയത്.









0 comments