52 രാജ്യങ്ങളിലെ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും
തലസ്ഥാനത്ത് 6 നാൾ തിരക്കാഴ്‌ചകളുടെ ഉത്സവം ; ഐഡിഎസ്എഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം
പതിനേഴാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്‌ക്ക് (ഐഡിഎസ്എഫ്എഫ്കെ) വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് തിരിതെളിയും. വൈകിട്ട് ആറിന് കൈരളി തിയറ്ററില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. 22 പലസ്തീന്‍ സംവിധായകർ ചേർന്ന് നിർമിച്ച ഗാസ വംശഹത്യയുടെ കഥകള്‍ പറയുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ' ആണ് ഉദ്ഘാടനചിത്രം. രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
ആറുദിവസങ്ങളിലായി 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള 331 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മത്സര ഡോക്യുമെന്ററി, ഹ്രസ്വചിത്രം, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിം വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മീറ്റ് ദ ഡയറക്ടര്‍, ഫേസ് ടു ഫേസ്, മാസ്റ്റര്‍ ക്‌ളാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയവയുമുണ്ടാകും.
ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മയ്ക്ക് സമ്മാനിക്കും. രണ്ടുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. രാകേഷ് ശര്‍മയുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ശ്യാം ബെനഗല്‍, ഷാജി എന്‍ കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാരതീയ, പി ജയചന്ദ്രന്‍, ആര്‍ എസ് പ്രദീപ് എന്നിവര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവുമുണ്ടാകും. 27ന് വൈകിട്ട് ആറിന് കൈരളി തിയറ്ററില്‍ സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മികച്ച ലോങ് ഡോക്യുമെന്ററിക്ക് രണ്ടുലക്ഷവും ഹ്രസ്വ ഡോക്യുമെന്ററിക്ക് ഒരുലക്ഷവുമാണ് സമ്മാനം. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടുലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം രൂപയും ലഭിക്കും. കേരളത്തില്‍ നിര്‍മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപ നൽകും.









0 comments