ഐഡിബിഐ വിൽപ്പന ഉടൻ ; ബാങ്കുകൾ വിദേശകുത്തകകൾക്ക്‌ തീറെഴുതുന്നു

idbi
avatar
ആർ ഹേമലത

Published on Jul 17, 2025, 01:55 AM | 1 min read


കൊച്ചി

റിസർവ് ബാങ്കിന്റെ ഉപസ്ഥാപനമായിരുന്ന ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(ഐഡിബിഐ)യുടെ ഓഹരികൾ കുത്തകകൾക്ക്‌ കൈമാറാനുള്ള നടപടി കേന്ദ്രസർക്കാർ പൂർത്തിയാക്കി. കോട്ടക് മഹീന്ദ്ര ബാങ്ക്, സിഎസ്‌ബി ബാങ്ക് പ്രൊമോട്ടർ ഫെയർഫാക്സ്, ദുബായ് എമിറൈറ്റ്സ്, എൻഡിബി എന്നിവയെ "ഫിറ്റ് ആൻഡ് പ്രോപ്പറായി’ (വാങ്ങാൻ യോഗ്യതയുള്ളവർ) റിസർവ്‌ ബാങ്ക്‌ നിശ്‌ചയിച്ചു. കേന്ദ്രത്തിന്റെ 45.48ശതമാനവും എൽഐസിയുടെ 49.24ശതമാനവുമടക്കം 94 ശതമാനം ഓഹരിയാണ്‌ സർക്കാരിനുള്ളത്‌. 5.08 ലക്ഷം കോടിയാണ്‌ ബാങ്കിന്റെ ആസ്‌തി.


ഇതിൽ മഹാഭൂരിപക്ഷം ഓഹരിയും വിൽക്കുമെന്നാണ്‌ വിവരം. വ്യവസായ ധനസഹായം നൽകുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാനാണ്‌ 1964ൽ ഐഡിബിഐ ആരംഭിച്ചത്‌. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എൻഎസ്ഇ) എന്നിവയും ഐഡിബിഐയുടെ പിന്തുണയോടെ നടപ്പാക്കി. 2004 സെപ്തംബറിൽ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കാക്കി ഇത്‌മാറ്റി. ഇതാണ്‌ ഇപ്പോൾ വിറ്റുതുലയ്‌ക്കുന്നത്‌.


ഇന്ത്യൻ ബാങ്കുകളെ ചെറിയ മുതൽ മുടക്കിൽ വിദേശ കുത്തകകൾക്ക്‌ തീറെഴുതുന്ന മോദി സർക്കാരിന്റെ നയത്തിന്റെ തുടർച്ചയാണിത്‌. കാത്തലിക്‌ സിറിയൻ ബാങ്കിന്റെ ഓഹരിയുടെ 51 ശതമാനം ഓഹരി കാനഡ ആസ്ഥാനമായ ഫെയർഫാക്സ് 2018ൽ 1200 കോടിക്ക്‌ കൈവശപ്പെടുത്തി. 2024 ജൂണിൽ ഇതിന്റെ 9.72 ശതമാനം ഓഹരിമാത്രംവിറ്റ്‌ ഇവർ 592 കോടി സമാഹരിച്ചു. സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ്‌ കോർപറേഷൻ (എസ്എംബിസി), യെസ് ബാങ്കിലെ 20 ശതമാനം ഓഹരി 13,483 കോടിക്ക്‌ ഏറ്റെടുക്കുന്നുണ്ട്‌.


എസ്‌ബി‌ഐയിൽനിന്നുള്ള 13.19 ശതമാനം ഓഹരികളും ആക്സിസ് ബാങ്ക്, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ മറ്റു സ്വകാര്യ ബാങ്കുകളുടെ ഓഹരിയും കോർപറേറ്റുകൾ കൈക്കലാക്കി. ഓഹരിവിൽപ്പന പൂർണമാകുന്നതോടെ ജനകീയ ബാങ്കിങ്‌ സംവിധാനം അവസാനിക്കുമെന്ന്‌ ബെഫി അഖിലേന്ത്യ പ്രസിഡന്റ്‌ എസ്‌ എസ്‌ അനിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home