രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മണ്ണിന്റെ ജൈവഘടന അപകടകരമായ നിലയില്‍
സുസ്ഥിര കാർഷിക വികസനം ; കേരളം മുന്നിൽ

ന്യൂഡൽഹി : സുസ്ഥിര കാർഷിക വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് ഇന്ത്യന്‍ കാർഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍). കൃഷിക്ക് അനുഗുണമായി മണ്ണും വെള്ളവും സംരക്ഷിക്കുന്നതിലും കാര്‍ഷിക പരിസ്ഥിതി സംരക്ഷിക്കുന്നതിലും കേരളം പുലർത്തുന്ന ജാഗ്രത ഐസിഎആര്‍ റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു. അതേസമയം, ദേശീയ തലത്തിൽ മണ്ണും ജലവും മലീമസമാകുന്നത് രാജ്യത്തെ ഭക്ഷ്യോൽപ്പാദനത്തെയും അതുവഴി ഭക്ഷ്യസുരക്ഷയെയും അപകടത്തിലാക്കുമെന്നും "ഇന്ത്യൻ കാർഷിക മേഖലയിലെ സുസ്ഥിരതാ വിലയിരുത്തൽ' എന്ന ഐസിഎആര്‍ നയരേഖ മുന്നറിയിപ്പ് നല്‍കി.
മണ്ണിന്റെ ആരോഗ്യം, ജലസ്രോതസ്, പരിസ്ഥിതി, സാമൂഹിക സാമ്പത്തിക ഘടകങ്ങൾ തുടങ്ങി 51 സൂചകങ്ങളെ അടിസ്ഥാനമാക്കി ഐസിഎആര്‍ വികസിപ്പിച്ച സംയുക്ത കാർഷിക സുസ്ഥിരതാ സൂചികയില്‍ കേരളം, മിസോറം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണ്. സൂചികയുടെ ദേശീയ ശരാശരി മൂല്യം 0.49 ആണ്. രാജ്യത്തെ കാർഷിക സുസ്ഥിരത നിലവാരം ശോചനീയമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാൽ രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ താഴെ അപകടകരമായ നിലയിലാണ്. പഞ്ചാബും ഹരിയാനയും രാജസ്ഥാനും ഭൂഗർഭ ജലത്തിൽ 61 മുതൽ 72 ശതമാനം വരെ അധികമായി ചൂഷണം ചെയ്‌തു. രാജ്യത്താകമാനം ജലസ്രോതസ്സുകളിൽ അമ്ലാംശം വർധിക്കുന്നു. ഇത് മണ്ണിന്റെ ജൈവഘടന തകർക്കുന്നു.അമിതമായ രാസവസ്‌തുക്കളുടെ ഉപയോഗം ജൈവകാർബണിന്റെ അഭാവത്തിനും സൂക്ഷ്‌മപോഷണങ്ങളുടെ നാശത്തിനും കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂഗർഭജലക്ഷാമം തുടർന്നാൽ രാജ്യത്തെ വിളവെടുപ്പില്‍ 20 ശതമാനം വരെ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിളവെടുക്കാന്‍ കേരള മണ്ണ്
രാജ്യമെമ്പാടും കൃഷി മണ്ണിന്റെ ജൈവഘടന തകർക്കുമ്പോള്‍, പുരോഗമനപരമായ നയങ്ങളാണ് കേരളത്തെ സുസ്ഥിര കാർഷിക സംസ്ഥാനങ്ങളിലൊന്നായി ഉയർത്തിയത്.
2016 മുതൽ കേരളസർക്കാർ ജൈവകൃഷി സജീവമായി പ്രോത്സാഹിപ്പിക്കുന്നു. മണ്ണിന്റെ ആരോഗ്യം, ജലവിഭവ പരിപാലനം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിൽ സംസ്ഥാനം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്നതിനായി പയറുവർഗവിള വർധിപ്പിച്ചു. രാസവളങ്ങൾ കുറയ്‌ക്കുന്നത് നയമായി സ്വീകരിച്ചു.
കാർഷിക വികസനത്തിനു പുറമെ, വ്യവസായ സൗഹൃദം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യംഏറ്റവും കുറഞ്ഞ സംസ്ഥാനം, പൊതുഭരണനിർവഹണം തുടങ്ങിയവയിലും കേരളം ദേശീയതലത്തിൽ ഒന്നാംസ്ഥാനത്താണ്.









0 comments