ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ബലാത്സംഗക്കുറ്റം ചുമത്തി പ്രതിചേർത്തു

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയുടെ മരണത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തത്. സുകാന്ത് നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരെ മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സുകാന്തിന്റെ പ്രേരണ മൂലമാണ് മരണം സംഭവിച്ചത് എന്നതിനുള്ള തെളിവുകൾ ഉദ്യോഗസ്ഥയുടെ പിതാവ് ഹാജരാക്കിയിരുന്നു. ഐബി ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും ഫെബ്രുവരിയിലെ ശമ്പളമടക്കം ഐബി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചിരുന്നതായും പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി അവസാനം ലഭിച്ച ശമ്പളമടക്കം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. 80 രൂപ മാത്രമാണ് മരണസമയത്ത് ഐബി ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്നത്. അക്കൗണ്ട് വിവരങ്ങളും ലാപ്ടോപും പൊലീസിന് നേരത്തെ കൈമാറിയിരുന്നു. ലൈംഗിക ചൂഷണം നടന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ഇതിനുപിന്നാലെയാണ് ബലാത്സംഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.
എയർപോർട്ട് ഐബി ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ് ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് ഇവര്‍ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു.









0 comments