ഐബി ഉദ്യോഗസ്ഥയുടെ മരണം: അറസ്റ്റ് തടയണമെന്ന സഹപ്രവർത്തകന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി : ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ അറസ്റ്റ് തടയണമെന്ന സഹപ്രവർത്തകൻ എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. 25കാരിയായ ഐബി ഉദ്യോഗസ്ഥയുടെ ദാരുണാന്ത്യത്തിന് കാരണം കണ്ടെത്തേണ്ടതുണ്ടെന്നും ഹർജിക്കാരന്റെ അറസ്റ്റ് വിലക്കാനാകില്ലെന്നും ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. തിങ്കളാഴ്ചതന്നെ അന്തിമവാദം നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. സംഭവത്തിന് തൊട്ടുമുമ്പ് ഐബി ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ചതടക്കം സുകാന്തിനെതിരെ തെളിവുണ്ടെന്ന് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ സി എസ് റിത്തിക് ബോധിപ്പിച്ചു.
നെടുമ്പാശേരിയിൽ ഐബി ഉദ്യോഗസ്ഥനായ തന്നെ പൊലീസ് കേസിൽ പ്രതിചേർക്കാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. സഹപ്രവർത്തകരായ തങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നും രക്ഷിതാക്കൾ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഹർജി വിശദ വാദത്തിനായി മാറ്റി.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയായിരുന്ന 25കാരിയാണ് മരിച്ചത്. യുവതിയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ് ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു.
യുവതിയുടെ മരണത്തിൽ സുകാന്തിനെതിരെ ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നുവെന്നും മകളുടെ ശമ്പളമടക്കം സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഇതിനുള്ള തെളിവുകളും പിതാവ് ഹാജരാക്കിയിരുന്നു. തുടർന്ന് ബലാത്സംഗമടക്കമുള്ള വകുപ്പുകൾ ചുമത്തി സുകാന്തിനെ പേട്ട പൊലീസ് പ്രതി ചേർത്തിരുന്നു. ശമ്പളമായി കിട്ടുന്ന തുകയെല്ലാം യുവതി സുകാന്തിനാണ് നൽകിയിരുന്നതെന്നാണ് വിവരം
ഐബി ആഭ്യന്തര അന്വേഷണം ആരംഭിച്ചു
കൊച്ചിയിലെ ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെതിരെ ഐബി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഇയാൾ യുവതി കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസംമുതൽ അവധിയിലാണ്. മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് വിവരം. ഇയാൾക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുള്ളതായി പൊലീസ് പറയുന്നു. ഇയാളുടെ മലപ്പുറം എടപ്പാളിലെ വീട്ടിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു.









0 comments