ഐബി ഉദ്യോഗസ്ഥയുടെ മരണം: ലൈംഗിക ചൂഷണം നടന്നതായി പിതാവ്; സുകാന്തിനായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ മധു(25) വിന്റെ മരണത്തിൽ സഹപ്രവർത്തകനെതിരെ ആരോപണവുമായി പിതാവ് മധുസൂദനൻ.
മേഘയുടെ സഹപ്രവർത്തകൻ സുകാന്തിന്റെ പ്രേരണ മൂലമാണ് മരണം സംഭവിച്ചത് എന്നാണ് കണ്ടെത്തൽ. അതിനുള്ള തെളിവുകൾ ആണ് ഹാജരാക്കുന്നത്. ആ തെളിവുകൾ പരിശോധിക്കുകയാണ്. ഇയാൾ രാജ്യം വിട്ടു പോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലൈംഗിക ചൂഷണം നടന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും മധുസൂദനൻ പറഞ്ഞു. കൂടുതൽ വിവരം അറിയാനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും അന്വേഷണം നല്ല രീതിയിലാണ് പോകുന്നത് എന്നും മധുസൂദനൻ മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബാങ്ക് രേഖകൾ ഹാജരാക്കി. സമർപ്പിച്ച രേഖകൾ മനസ്സിലാക്കി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേഘയെ സഹപ്രവർത്തകൻ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും ഫെബ്രുവരിയിലെ ശമ്പളമടക്കം ഐബി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചിരുന്നതായും മധുസൂദനൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി അവസാനം ലഭിച്ച ശമ്പളമടക്കം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. 80 രൂപ മാത്രമാണ് മരണസമയത്ത് മേഘയുടെ അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്നത്. അക്കൗണ്ട് വിവരങ്ങളും ലാപ്ടോപും പൊലീസിന് നേരത്തെ കൈമാറിയിരുന്നു.
എയർപോർട്ട് എമിഗ്രേഷൻ ഓഫീസറായ മേഘയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ് ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് മേഘ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു.









0 comments