പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നത് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പരിപാടിയിൽ കാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നിൽ ഗവർണർ പുഷ്പാർച്ച നടത്തിയപ്പോൾ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് നിലപാട് വ്യക്തമാക്കി ഇറങ്ങിപ്പോന്നതെന്ന് വി ശിവൻകുട്ടി.
സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് ഒരു മതേതര സംഘടനയാണ്. മതം, ജാതി, മതപരമായ ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കാത്ത പ്രസ്ഥാനമാണ്. ഇതിന്റെ ഭരണഘടനയും പ്രവർത്തന മാർഗ നിർദ്ദേശങ്ങളും മതേതരത്വത്തെ ആധാരമാക്കുന്നു. വിദ്യാലയങ്ങളിലൂടെയാണ് പ്രധാനമായും സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രവർത്തനം നടപ്പിലാക്കുന്നത്. അതിന്റെ മേൽനോട്ടം വിദ്യാഭ്യാസ വകുപ്പിനാണ്. ഗവർണർ ഈ പ്രസ്ഥാനത്തിൽ പേട്രൺ എന്ന പദവിയിലാണ് പ്രവർത്തിക്കുന്നത്. സ്‌കൗട്ട് ആന്റ് ഗൈഡ്സ് റൂൾ പ്രകാരം പേട്രൺ സ്ഥാനത്ത് ഗവർണർ നിർബന്ധമില്ല എന്നും മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള നയപരമായ തീരുമാനങ്ങൾ സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കേണ്ടത്.
വിദ്യാർഥികൾക്കുള്ള പ്രസ്താവനകളിലും പ്രവർത്തനങ്ങളിലും മതേതരത്വം ഒരു പ്രധാന മൂല്യമാണ്. ഭാരതാംബ പോലുള്ള മിഥ്യാത്മക പ്രതീകങ്ങൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഉപയോഗിക്കുന്നത് മതേതരത്വത്തെയും ആധുനിക വിദ്യാഭ്യാസ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി ഇറങ്ങിപ്പോന്നത്. അത് വ്യക്തിപരമായിരുന്നില്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങളോട് ആദരവ് പുലർത്തിയായിരുന്നു. കേരളം മതേതര -ജനാധിപത്യ ആശയങ്ങളെ പിന്തുടരുന്ന സംസ്ഥാനമാണ്.
സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പോലെ ബാല്യകാല വിദ്യാഭ്യാസ രംഗത്തെ സ്വതന്ത്ര പ്രസ്ഥാനങ്ങൾ കൃത്യമായ രീതിയിൽ മതേതരത്വം പാലിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഭരണഘടനാപരമായ ജാഗ്രതയും പൊതുസാംസ്‌കാരിക ഉത്തരവാദിത്വവുമാണ്.
എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നത് കാറിന്റെ മുമ്പിൽ ചാടി വീഴുന്നതുമൊക്കെ രാജ്ഭവനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്ഭവൻ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച എബിവിപി പ്രവർത്തകർ കാർ നിർത്തിയപ്പോൾ കാറിന്റെ മുമ്പിലുള്ള ദേശീയ പതാക വലിച്ചു കീറി. ദേശീയ പതാകയുടെ ഉള്ള അവരുടെ ബഹുമാനം എത്രത്തോളമാണ് എന്നത് ഇതിൽ നിന്ന് വ്യക്തമാണ് മന്ത്രി പറഞ്ഞു.









0 comments