ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കൊച്ചി : കോടികൾ വിലവരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും ആലപ്പുഴയിൽ പിടിയിലായ സംഭവത്തിൽ മുൻകൂർ ജാമ്യം തേടി നടൻ ശ്രീനാഥ് ഭാസി. സംഭവത്തിൽ പിടിയിലായ കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താന കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ താരങ്ങൾക്കും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും അടക്കമുള്ള ലഹരിവസ്‌തുക്കളും എത്തിച്ചുനൽകിയതായി മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് മുൻകൂർ ജാമ്യം തേടിയത്. തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റിലായാൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും കാണിച്ചാണ് ഹർജി. തസ്‌ലീമ തന്നെ വിളിച്ചിട്ടുണ്ടെന്നും എന്നാൽ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും നടൻ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഹർജി ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
കോടികൾ വിലവരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തമിഴ്നാട് തിരുവെല്ലൂർ കത്തിവാക്കം ഉലകനാഥപുരം എണ്ണൂർ ഫോർത്ത് സ്ട്രീറ്റ് നമ്പർ 85ൽ കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താന (-ക്രിസ്‌റ്റീന- – 41), സഹായി ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ ഫിറോസ് (26) എന്നിവരെയാണ് എക്‌സൈസ് പ്രത്യേകസംഘം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തസ്‌ലിമ കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ താരങ്ങൾക്കും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും അടക്കമുള്ള ലഹരിവസ്‌തുക്കളും എത്തിച്ചുനൽകിയതായി മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന ചാറ്റുകളും യുപിഐ ഉപയോഗിച്ച് നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും എക്‌സൈസ് ശേഖരിച്ചു. ഈ വിവരങ്ങളും ഇവരുടെ ഫോണുകളും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയശേഷം സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടന്റെ മുൻകൂർ ജാമ്യ ഹർജി.









0 comments