അറസ്റ്റിലേക്ക് നയിച്ചത് പോസ്റ്റ്മോർട്ടത്തിലെസൂചന
ശാഖാകുമാരിയെ ഷോക്കേൽപ്പിച്ച് കൊന്നത് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം

തിരുവനന്തപുരം: കുന്നത്തുകാൽ ത്രേസ്യാപുരത്ത് ഭാര്യ ശാഖാകുമാരിയെ (52) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഭർത്താവ് അരുൺ (32) വലിയ ആസൂത്രണത്തിന് പിന്നാലെയാണ് കുറ്റ കൃത്യം നടത്തിയത്. മാത്രമല്ല നേരത്തെയും ഇതേ മാതൃകയിൽ ഭാര്യയെ കൊലപ്പെടുത്താൻ അരുൺ ശ്രമിച്ചിരുന്നു. ഇലക്ട്രീഷ്യൻ എന്ന നിലയ്ക്കുള്ള അറിവാണ് സമർത്ഥമായി ഇതിനായി ഉപയോഗിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
വിവാഹം വേണ്ടെന്നു വച്ചു കഴിഞ്ഞിരുന്ന ശാഖാകുമായുമായി പ്രതി അരുൺ മനപൂർവ്വം പ്രണയത്തിലാവുകയായിരുന്നു. തന്റെ സ്വത്തുകൾക്ക് അവകാശിയായി ഒരു കുഞ്ഞുവേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹമാണ് അരുണിനോട് അവരെ അടുപ്പിച്ചതും പ്രണയത്തിലും വിവാഹത്തിലും എത്തിച്ചതും.
വിവാഹത്തിനു മുമ്പേ തന്നെ അരുൺ ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് ആഘോഷം തുടങ്ങി. ബൈക്കും കാറുമൊക്കെ വാങ്ങി. ശാഖാകുമാരിയുടെ സ്വത്തുക്കളുടെ മുഴുവൻ അവകാശിയായി മാറുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് 20 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീയെ കല്യാണം കഴിക്കാൻ അരുൺ തയ്യാറായത്. 50 ലക്ഷം രൂപയും 100 പവൻ സ്വർണവും സ്ത്രീധനമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ശാഖാകുരമാരിയുടെ ആഗ്രഹത്തിന് വിരുദ്ധമായി കുട്ടികൾ വേണമെന്ന ആവശ്യത്തോട് അരുൺ വിമുഖത കാണിച്ചു. ഇത് അവകാശിയെ ഒഴിവാക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു.
Related News
2020 ഡിസംബർ 26നാണ് ശാഖാകുമാരി കൊല്ലപ്പെട്ടത്. ഇതിന് രണ്ടുമാസം മുമ്പ് ഒക്ടോബർ 29നാണ് ഇരുവരും വിവാഹം കഴിച്ചത്. ക്രിസ്ത്യൻ മാതാചാരപ്രകാരം നടന്ന വിവാഹത്തിൽ വരന്റെ ഭാഗത്തു നിന്നും ഒരു സുഹൃത്ത് മാത്രമാണ് പങ്കെടുത്തത്. വിവാഹം രഹസ്യ മായിരിക്കണമെന്നും വിവാഹ ഫോട്ടോ, വീഡിയോ ഒന്നും മീഡിയയിൽ പ്രചരിപ്പിക്കാൻ പാടില്ലെന്നും അരുൺ നിർബന്ധം പിടിച്ചിരുന്നു .
വിവാഹശേഷം അരുൺ ഭാര്യവീട്ടിൽത്തന്നെയാണ് കഴിഞ്ഞത്. നിയമപരമായ ഭർത്താവ് ആയി മാറിയതോടെ യുവതിയെ തെളിവില്ലാതെ കൊലപെടുത്താനുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലെ ചില ആശുപത്രികളിൽ ഇലക്ട്രീഷ്യൻ ആയിരുന്ന അരുൺ. ഈ അറിവ് ഉപയോഗപ്പെടുത്തി ശാഖാകുമാരിയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്. ഒരു തവണ വീട്ടിൽ വച്ചു ഓവൻ റിപ്പയർ ചെയ്യുന്നെന്ന വ്യാജേന ശാഖാകുമാരിയുടെ കൈയിൽ ഷോക്കേൽപിച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കൊല നടത്തിയത് മധുവിധു കാലത്തെ ആദ്യ ക്രിസ്മസ് രാത്രി
വിവാഹം കഴിഞ്ഞ് ആദ്യത്തെ ക്രിസ്മസ് രാത്രിയാണ് അരുൺ കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് ബന്ധുക്കൾ പിരിഞ്ഞ ശേഷം ഭാര്യയെ കൊല്ലാനുള്ള ഒരുക്കങ്ങൾ നടത്തി.
26ന്പുലർച്ചെ 1.30 മണിയോടെ ബെഡ് റൂമിൽ വെച്ചു ബലം പ്രയോഗിച്ചു ശാഖാകുമാരിയുടെ ശ്വാസം മുട്ടിച്ചു ബോധം കെടുത്തി. ഇതിനു ശേഷമാണ് ഷോക്കേൽപ്പിച്ചത് എന്നാണ് കുറ്റ സമ്മത മൊഴി. ശാഖാകുമാരിയെ ബെഡ് റൂമിൽ നിന്ന് വലിച്ചിഴച്ച് ഹാളിൽ കൊണ്ട് കിടത്തയ ശേഷം മുൻകൂട്ടി കരുതി വച്ചിരുന്ന പ്ലഗും വയറും ഉപയോഗിച്ച് സമീപത്തെ ഷോകെയ്സിൽ വയറിൽ നിന്ന് വലതു കൈത്തണ്ടയിലൂടെയും മൂക്കിലൂടെയും വൈദ്യുതി കടത്തി വിടുകയായിരുന്നു. അപകടമാണെന്ന് തോന്നിക്കാനായി കേടായ സീരിയൽ ബൾബ് സെറ്റ് ശാഖാ കുമാരിയുടെ മൃതദേഹത്തിൽ വിതറിയിടുകയും ചെയ്തു.
പുലർച്ചെ ആറു മണിയോടെ അരുൺ തന്നെ ബഹളം കൂട്ടി അയൽവാസികളെ വിളിച്ചു കൊണ്ട് വന്നു. സംശയിക്കാതിരിക്കാൻ ശാഖാകുമാരിക്ക് ജീവനുണ്ടെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. അവരുടെ സഹായത്തോടെ മൃതദേഹം കാറിൽ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചു.
ശാഖ കുമാരിയെ പരിശോധിച്ച ഡോക്ടർ മണിക്കൂർകൾക്ക് മുൻപ് തന്നെ മരണം സംഭവിച്ചതായി സ്ഥീരികരിച്ചു. മരണത്തിന് മുൻപ് മർദ്ദനമേറ്റതായുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് പൊലീസ് അന്വേഷണത്തിലേക്ക് വഴിതെളിയിച്ചത്. വെള്ളറട പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം. ശ്രീകുമാര്‍ ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.









0 comments