ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് തല ചുമരിലിടിച്ചു; കോട്ടയത്ത് ഭർത്താവിനെതിരെ പരാതി

കോട്ടയം: കുമരനല്ലൂരിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചതായി കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി. രമ്യ മോഹനാണ് ഭർത്താവ് ജയനെതിരെ പരാതി നയകിയത്. ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. കഴിഞ്ഞ നാല് വർഷമായി ജയൻ യുവതിയെ മർദിക്കുന്നുണ്ട്. ഇതിനിടെ ഒരു തവണ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് ഇത് ഒത്തുതീർപ്പാക്കി.
എന്നാൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അതിക്രൂരമായ മർദ്ദനം സഹിക്കവയ്യാതെ യുവതി വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. തല പിടിച്ച് ചുമരിൽ ഇടിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന് പിന്നാലെ കുട്ടികളെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. സ്നേഹ പ്രകടനം നടത്തിയതിന് ശേഷമാണ് ശനിയാഴ്ചത്തെ മർദ്ദനം ഉണ്ടായതെന്നും രമ്യ മൊഴി നൽകി.
മർദനത്തെ തുടർന്ന് യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് ഗാർഹിക പീഡനം ചുമത്തി കേസെടുത്തിട്ടുണ്ട്. നിലവിൽ പ്രതിയായ ജയൻ ഒളിവിലാണ്, ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. രമ്യയുടെയും മക്കളുടെയും പേരിലാണ് സ്വത്തുക്കളുള്ളത്. ഈ സ്വത്തുക്കൾ കൈക്കലാക്കാൻ വേണ്ടിയാണ് ഇയാൾ തന്നെ ക്രൂരമായി മർദിക്കുന്നതെന്നാണ് യുവതിയുടെ ആരോപണം. തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകുന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യണമെന്നും ഇയാൾ പറയാറുണ്ടെന്നും രമ്യ കൂട്ടിച്ചേർത്തു.









0 comments