വന്യമൃഗ ശല്യം: ജനവാസ മേഖലകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തും; മന്ത്രി

തിരുവനന്തപുരം: വന്യമൃഗ ശല്യം രൂക്ഷമായ ജനവാസ പ്രദേശങ്ങളില്‍ ഹോട്ട്‌സ്പോട്ടാക്കി നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കളക്ടറേറ്റില്‍ നടന്ന ഉന്നതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തിരിച്ചറിയാന്‍ അന്തര്‍ സംസ്ഥാന ഫോഴ്‌സുകളുടെ സഹകരണത്തോടെ കൂട്ടായ നടപടി സ്വീകരിക്കുമെന്നും അന്തര്‍ സംസ്ഥാനത്തെ മന്ത്രിതല കൗണ്‍സില്‍ യോഗം അടിയന്തരമായി ചേരുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. വന മേഖലയിലെ നിരീക്ഷണം ശക്തിപ്പെടുത്താന്‍ വനം, പൊലീസ്,സന്നധസേന വളണ്ടിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി ശക്തിപ്പെടുത്തും.
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായുള്ള തിരച്ചിലിന് എട്ടുപേര്‍ അടങ്ങുന്ന 10 ടീമുകളിലായി 80 പേരാണ് പട്രോളിങ് നടത്തുന്നത്. പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്നും നിരീക്ഷണ ക്യാമറകള്‍ എത്തിക്കും. ജില്ലയില്‍ കടുവാക്രമണത്തില്‍ മരണപ്പെട്ട രാധയുടെ ആശ്രിതര്‍ക്ക് താത്ക്കാലിക ജോലിക്കായുള്ള നിയമന കത്ത് മന്ത്രി നേരിട്ടെത്തി കൈമാറി. ഫെബ്രുവരി ഒന്നിന് ജോലിയില്‍ പ്രവേശിപ്പിക്കുവിധമാണ് നിയമനം നല്‍കുക. കുടുംബത്തിനുള്ള ധനസഹായ തുകയില്‍ അഞ്ച് ലക്ഷം രൂപ ജനുവരി 29 ന് കൈമാറുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലാതല മോണിറ്റിങ് കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് ആര്‍ആര്‍ടി, പിആര്‍ടി ടീമുകള്‍ വിപുലപ്പെടുത്തി നിരീക്ഷണം ശക്തമാക്കും. ഉന്നതതല യോഗത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി ജോതിലാല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്‍.കൗശികന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശീറാംസാംബശിവ റാവും, നോര്‍ത്ത് സോണ്‍ ഐ ജി രാജ്പാല്‍ മീറ, കെഎസ്ഡിഎംഎ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി പുകഴേന്തി, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമധാരി, ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് കൃഷ്ണന്‍, സിസിഎഫുമാരായ ജസ്റ്റിന്‍ മോഹന്‍, വിജയനന്ദന്‍, കെ എസ് ദീപ, ഡിഎഫ്ഒമാര്‍, വനംവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.








0 comments