മനുഷ്യ വന്യജീവി സംഘര്‍ഷം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കി വനംവകുപ്പ്

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കി വനം വകുപ്പ്.
തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കുന്ന വിവിധ പ്രവൃത്തികള്‍ വനം വകുപ്പിന് കൂടി പ്രയോജനകരമാകുന്നതിനും, ജൈവവൈവിധ്യ സംരക്ഷണത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സംഭാവന ഉറപ്പുവരുത്തുന്നതിനുമായി ഒരു ഏകദിന ശില്‍പശാല തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ സംഘടിപ്പിച്ചു.
വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലിറങ്ങുന്നത് തടയുന്നതിനായി നിര്‍മ്മിക്കുന്ന സോളാര്‍ വേലികള്‍, കിടങ്ങുകള്‍, ബെല്‍റ്റ് പ്ളാന്റേഷന്‍ മുതലായവയുടെ നിര്‍മ്മാണത്തിലും പരിപാലനത്തിലും തൊഴിലുറപ്പ് പങ്കാളിത്തം പരമാവധി ഉറപ്പാക്കുവാന്‍ ശില്പശാലയില്‍ തീരുമാനിച്ചു. വനത്തില്‍ കുളങ്ങള്‍, ചെക്ക്ഡാമുകള്‍, ഫലവൃക്ഷങ്ങള്‍ നടീല്‍ മുതലായ ആവാസവ്യവസ്ഥാ പരിപോഷണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാനും സെമിനാറില്‍ ധാരണയായി. ജില്ലാതലത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരും കൂടിയാലോചിച്ച് കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാനും, സംസ്ഥാന തലത്തില്‍ നിരീക്ഷണം നടത്തുവാനും സെമിനാറില്‍ തീരുമാനിച്ചു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, ജോയിന്റ് ഡയറക്ടര്‍ രവിരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ബാലാദേവി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം ഡോ. വി. ബാലകൃഷ്ണന്‍, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍, വനം വകുപ്പിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.









0 comments