വന്യമൃഗശല്യം: വനം ആസ്ഥാനത്ത് രാപ്പകൽ ഉപരോധം 30ന് തുടങ്ങും

തിരുവനന്തപുരം: കേന്ദ്ര വനം- വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം വനം ആസ്ഥാനം രാപ്പകൽ ഉപരോധിക്കുമെന്ന് കർഷകസംഘം സംസ്ഥാനപ്രസിഡന്റ് എം വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30, 31 തീയതികളിലാണ് സമരം. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ ഉദ്‌ഘാടനം ചെയ്യും.
ജനവാസമേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക, മനുഷ്യജീവഹാനി സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കുക, കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുക, വെടിവച്ചുകൊല്ലുന്ന കാട്ടുപന്നിയുടെ മാംസം ജനങ്ങൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. ഇതിന്റെ ഭാഗമായി വ്യാഴം മുതൽ 29 വരെ പ്രചാരണ ജാഥ സംഘടിപ്പിക്കും. കാസർകോട് ബോവിക്കാനത്ത് കിസാൻസഭ അഖിലേന്ത്യാസെക്രട്ടറി വിജൂകൃഷ്‌ണൻ ജാഥ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് മലയോരപ്രദേശങ്ങിലുടെ സഞ്ചരിച്ച് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.
കിസാൻ സഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ക്യാപ്‌റ്റനായ ജാഥയുടെ മാനേജർ വത്സൻ പനോളിയാന്. എസ് കെ പ്രീജ, എം പ്രകാശൻ, ഓമല്ലൂർ ശങ്കരൻ, സി കെ രാജേന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, എൻ ആർ സക്കീന, അഡ്വ. കെ ജെ ജോസഫ് എന്നിവർ സ്ഥിരാംഗങ്ങളാണ്. വാർത്താസമ്മേളനത്തിൽ എസ് കെ പ്രീജ, കെ സി വിക്രമൻ, വി എസ് പത്മകുമാർ, ജോർജ് മാത്യു തുടങ്ങിയവരും പങ്കെടുത്തു.









0 comments