തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 2000 ലിറ്ററോളം സ്പിരിറ്റ്

തൃശൂർ: തൃശൂരിൽ എക്‌സൈസ് സംഘത്തിന്റെ വൻ സ്പിരിറ്റ് വേട്ട. വാഹനത്തെ സാഹസികമായി പിന്തുടർന്നാണ് എക്സൈസ് സംഘം കുരിയച്ചിറയിൽ വെച്ച് 1575 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. തൃശൂർ എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നാണ് പിക്കപ്പ് വാനിൽ കടത്തിയ സ്പിരിറ്റ് പൊലീസ് പിടികൂടിയത്.
തൃശൂർ വടക്കേ സ്റ്റാൻഡിനെ സമീപം കാത്തുനിന്ന എക്സൈസ് സംഘം അതുവഴി വന്ന പിക്കപ്പ് വാനിനെ പിന്തുടർന്നു. എക്സൈസ് സംഘം പിന്തുടരുന്നത് കണ്ട പിക്കപ്പ് ഡ്രൈവർ അതിവേഗത്തിൽ സ്വരാജ് കടന്നു രണ്ടുവട്ടം സ്വരാജ് റൗണ്ട് ചുറ്റി എക്സൈസിനെ കബളിപ്പിക്കാൻ ശ്രമിച്ചു എങ്കിലും എക്സൈസ് സംഘം പിന്തുടർന്നു.
ഒടുവിൽ കുരിയച്ചിറ സെന്ററിൽ പിക്കപ്പ് വാനിനെ എക്സൈസ് വാഹനം വട്ടം നിർത്തി. ഇതിനിടെ പിക്കപ്പ് വാനിൽ നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മുന്നോട്ടു നീങ്ങിയ വണ്ടിയിലേക്ക് എക്‌സൈസ് സംഘം ചാടിക്കയറി. വണ്ടി നിർത്തുകയായിരുന്നു. വാഹനം പരിശോധിച്ചതിൽ നിന്നും 43 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് പിടിച്ചെടുത്തു. വാഹനത്തിന്റെ നമ്പർ പ്രകാരം കൊടുങ്ങല്ലൂർ സ്വദേശിയാണ് ആർസി ഓണർ. എവിടെ നിന്നാണ് ഇത്രയും വലിയ അളവിൽ സ്പിരിറ്റ് കൊണ്ടുവന്നത്, എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ഊർജിതമാക്കി. ഓടിരക്ഷപ്പെട്ട ഡ്രൈവറെ പിടികൂടുന്നതിനുള്ള നടപടികളും ആരംഭിച്ചു.
എക്‌സൈസ് ഇന്റലിജന്റ്‌സ് ഇൻസ്പെക്ടർ എ ബി പ്രസാദിന്റെയും സ്ക്വാഡ് സിഐ റോയ് ജോസഫിന്റെയും നേതൃത്വത്തിൽ നടന്ന മിന്നൽ നീക്കത്തിലാണ് സ്‌പിരിറ്റ് പിടിയിലായത്. വി എം ജബ്ബാർ, പി വി ബെന്നി, എം ആർ നെൽസൻ, കെ വി ജീസ്മോൻ, കെ എൻ സുരേഷ്, സുദർശന കുമാർ, വി എസ് സുരേഷ്, കെ കെ വത്സൻ,അഫ്സൽ , കണ്ണൻ, ബാബു ,സംഗീത് എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.









0 comments