ചെങ്കടലിൽ ഹൂതികളുടെ ആക്രമം; മലയാളിയെ ബന്ദിയാക്കി

കായംകുളം : ചെങ്കടലിൽ മുക്കിയ കപ്പലിൽ അകപ്പെട്ട മലയാളിയെ ഹൂതികൾ ബന്ദിയാക്കി. എന്റർനിറ്റി സി എന്ന കപ്പലിലെ സെക്യൂരിറ്റി ജീവനക്കാരൻ പത്തിയൂർ ശ്രീജാലയത്തിൽ അനിൽകുമാറിനെയാണ് ബന്ദിയാക്കിയത്. ബുധൻ രാവിലെയാണ് കപ്പൽ കമ്പിനിയിൽ നിന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഫെബ്രുവരി 22നാണ് പാലക്കാട്ടെ ഏജൻസി മുഖേന ഗ്രീക്കിലെ സീ ഗാർഡൻമാരി ടൈം സെക്യൂരിറ്റി കമ്പിനിയിൽ അനിൽകുമാർ ജോലിയിൽ പ്രവേശിച്ചത്.
ജൂലൈ ഏഴിന് സെമാലിയയിൽ നിന്നും തിരിച്ച് ചെങ്കടൽ വഴി വരുന്ന സമയത്ത് ഹൂതികൾ കപ്പൽ ആക്രമിച്ചു. അക്രമത്തിൽ കപ്പൽ മുങ്ങി. കപ്പലിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി രക്ഷപെട്ട് നാട്ടിൽ എത്തിയതായി വിവരം ലഭിച്ചു. എന്നാൽ അനിൽകുമാറിനെ ഹൂതികൾ ബന്ദിയാക്കി. സംഭവം വിദേശ മാധ്യമങ്ങളടക്കം വാർത്തയാക്കിയിരുന്നു.
സിപിഐ എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ അനിൽകുമാറിന്റെ വീട്ടിൽ എത്തി വിവരം ശേഖരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ജോൺ ബ്രിട്ടാസ് എം പി യുടെയും ശ്രദ്ധയിൽപ്പെടുത്തുകയും, ഉടൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. യു പ്രതിഭ എം എൽ എ യും സംഭവത്തിൽ ഇടപെട്ടു.









0 comments