മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകും: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലം: കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡന്റ്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു മിഥുൻ.
മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ ധനയഹായം നൽകുമെന്ന് അറിയിച്ചു. പ്രാഥമികമായാണ് 5 ലക്ഷം നൽകുന്നത്. സംഭവത്തിൽ കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. അടിയന്തരമായി വൈദ്യുതി ലൈനുകൾ പരിശോധിക്കാൻ നിർദേശം നൽകി. സംഭവത്തിൽ കെഎസ്ഇബിക്കും സ്കൂൾ അധികൃതർക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗ്രൗണ്ട് ക്ലിയറൻസിൽ വീഴ്ച വന്നു.
തറനിരപ്പിൽ നിന്നും നിശ്ചിത ഉയരം വേണമെന്ന വ്യവസ്ഥ പാലിച്ചില്ല. ഷെഡ് കെട്ടുമ്പോൾ സ്കൂൾ അധികൃതർ അനുമതി തേടിയില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മിഥുന്റെ മരണത്തിൽ ദ്രൂതഗതിയിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ്, കെഎസ്‍ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് എന്നിവരുടെ നേതൃത്യത്തിലാണ് അന്വേഷണങ്ങൾ. സമാന്തരമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ബന്ധപ്പെട്ട അധികൃതരുടെ എല്ലാം യോഗം ചേർന്നിരുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി നോട്ടുകൾ അടക്കം നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു വൈദ്യുതിക്കമ്പി സ്കൂൾ കെട്ടിടത്തിനു മുകളിലൂടെ കടന്നുപേകുന്നത് ശ്രദ്ധിക്കണം എന്നത്. സ്കൂൾ കെട്ടിടത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ കടന്നുപോകാൻ പാടില്ല എന്നും അങ്ങനെ ഉണ്ടെങ്കിൽ നീക്കം ചെയ്യണം എന്നും നിർദേശിച്ചിരുന്നു. കൂടാതെ കെട്ടിടത്തിന് ഫിറ്റ്നസ് ഉണ്ടോ എന്നുള്ളതും ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഇന്ന് രാവിലെയാണ് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചത്. മിഥുന്റെ ചെരിപ്പ് സൈക്കിൾ ഷെഡിനു മുകളിലായുള്ള ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടികളിലാരോ ആണ് ചെരിപ്പ് എറിഞ്ഞതെന്നാണ് വിവരം. ഇതെടുക്കാനായി മിഥുൻ ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴായിരുന്നു അപകടം. ഷീറ്റിന് മുകളിൽ കയറിയ കുട്ടി തെന്നിയതോടെ 11 കെവി ലൈനിൽ കയറി പിടിക്കുകയായിരുന്നു.









0 comments