മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി ; ഐടി സ്ഥാപന ഉടമയുടെ അറസ്റ്റ് തടഞ്ഞു

കൊച്ചി
ഹണിട്രാപ് കേസിനുപിന്നാലെ മുൻ ജീവനക്കാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഇൻഫോപാർക്കിലെ ഐടി സ്ഥാപന ഉടമ വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് ഹെെക്കോടതി താൽക്കാലികമായി തടഞ്ഞു. 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവിട്ടു. വേണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ 21ന് വീണ്ടും പരിഗണിക്കും.
സ്വകാര്യ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഹർജിക്കാരനിൽനിന്ന് 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ഹണിട്രാപ് കേസിൽ പരാതിക്കാരിയായ യുവതിയും ഭർത്താവും നേരത്തേ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം ഇവർ ഹർജിക്കാരനെതിരെ ലൈംഗികാതിക്രമത്തിനും വധശ്രമത്തിനും കേസ് നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് വേണു മുൻകൂർ ജാമ്യം തേടിയത്. അറസ്റ്റ് തടയണമെന്നും 22, 23 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന വേൾഡ് ലീഡേഴ്സ് ഫോറത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും അപേക്ഷിച്ചിരുന്നു. ഉന്നയിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുമോ എന്ന് ആരാഞ്ഞ കോടതി, യുവതി കളമശേരി മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഹാജരാക്കാൻ പ്രോസിക്യൂഷനോട് നിർദേശിച്ചു.
അതേസമയം ഹണിട്രാപ് കേസിൽ യുവതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേണു ഗോപാലകൃഷ്ണൻ സമർപ്പിച്ച മറ്റൊരു ഹർജി ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹണിട്രാപ് കേസിലെ സാക്ഷികളെ ഉൾപ്പെടെ എതിർകക്ഷികളാക്കി യുവതി നൽകിയ പരാതി ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ഈ ഹർജിയിലെ ആരോപണം.








0 comments