കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; നിരവധിപേർക്ക് പരിക്ക്

ഗോപാലകൃഷ്ണൻ
കണ്ണൂർ : കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണിച്ചാർ ചെങ്ങോം റോഡിൽ ഹെൽത്ത് സെൻ്ററിന് സമീപത്തെ സ്വകാര്യപറമ്പിലെ തേനീച്ചകൂട് ഇളകിയാണ് അപകടമുണ്ടായത്. തിങ്കൾ പകൽ 11നാണ് സംഭവം. കുന്നപ്പള്ളിൽ ഗോപാലകൃഷ്ണനാ(73)ണ് മരിച്ചത്.
കൂട് ഇളകിവീണ് തേനീച്ചകൾ ആക്രമിച്ചതിനെ തുടർന്ന് അയൽവാസിയായ വ്യക്തി ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് ഓടിക്കയറി. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗോപാലകൃഷ്ണനെ തേനീച്ചകൾ കുത്തുകയായിരുന്നു. പുറത്തേക്ക് ഓടിയെങ്കിലും റോഡിൽ തളർന്നുവീണു. പ്രദേശത്ത് ഉണ്ടായിരുന്ന മറ്റ് നാലുപേർക്കും കുത്തേറ്റു. ഇവർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗോപാലകൃഷ്ണനെ കൂടുതൽ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വ ഉച്ചയോടെ മരിക്കുകയായിരുന്നു.
പരേതനായ കുന്നപ്പള്ളിൽ നാരായണന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: സരസമ്മ. മക്കൾ: കെ ജി പ്രശാന്ത് (സിപിഐ എം കണിച്ചാർ ടൗൺ ബ്രാഞ്ച് അംഗം), കെ ജി പ്രജോഷ് (കുവൈറ്റ്). മരുമകൾ : ശ്രുതി. സഹോദരങ്ങൾ: കെ എൻ ശ്രീധരൻ (സിപിഐ എം കണിച്ചാർ ലോക്കൽ സെക്രട്ടറി), പ്രഭാകരൻ, രവി, സുലോചന, അമ്മിണി, ദേവദാസ്, പരേതനായ ശങ്കരനുണ്ണി.









0 comments