റെയിൽവെ സ്റ്റേഷന് സമീപത്തെ ലെവൽക്രോസിലെ കുഴികൾ അപകടക്കെണിയാകുന്നു

RAIL.
വെബ് ഡെസ്ക്

Published on Jul 27, 2025, 07:43 PM | 1 min read

വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്‌റ്റേഷന് സമീപത്തെ ലവൽക്രോസിലെ ഉരുളൻ മെറ്റലുകളും കുഴികളും കാരണം വാഹനയാത്ര അപകടകരമാകുന്നു. ലെവൽക്രോസ് കടന്ന് മുണ്ടയിൽ, ഗുഡ്ഷെഡ് റോഡ് ഭാഗങ്ങളിലായി യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ ഏറെ ദുരിതമനുഭവിക്കുകയാണ്.

നിരവധി പേർ നിത്യേന ലെവൽക്രോസിന്റെ മധ്യഭാഗത്തുള്ള ഗർത്തങ്ങളിൽ വീഴുകയാണ്. കഴിഞ്ഞ ദിവസം മകനുമായി സ്കൂട്ടിയിൽ യാത്ര ചെയ്ത മുണ്ടയിൽ സ്വദേശിനിയായ യുവതി അപകടത്തിൽ ലെവൽക്രോസിനകത്തുള്ള മെറ്റൽ ഇളകിമാറിയ ഭാഗത്ത് വീണ് പരിക്കേറ്റിരുന്നു. പിറകിൽ നിന്നും വന്ന മറ്റു യാത്രക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

റെയിൽവേ ഗേറ്റിൽ ലൈനുകളിൽ അറ്റകുറ്റപ്പണിക്കു കുഴിയെടുത്തിരുന്നു. ഗതാഗതം പുനഃസ്ഥാപിച്ച വേളയിൽ ലവൽക്രോസിൽ അങ്ങിങ്ങായി ചിതറിയ മെറ്റലുകളും ഇവയ്ക്കിടയിൽ പാതയിലെ സ്ലാബുകൾക്കിടയിൽ കുഴികളും അതേപടി നിലനിൽക്കുന്നു. ഇത്തരം ജോലികൾ പൂർത്തിയായാൽ സാധാരണ കുഴികൾ നിരപ്പാക്കുന്നതു പതിവാണ്. നാലു റെയിൽവേ ട്രാക്കുകളാണ് ഈ ഭാഗത്ത്കൂടി കടന്നുപോകുന്നത്. ഗേറ്റുകൾക്കിടയിൽ 20 മീറ്റർ ദൂരമുണ്ട്.

സ്‌റ്റേഷൻ റോഡിൽ നിന്നു ലവൽക്രോസിലേക്ക്  കടക്കുമ്പോൾ കുഴികളിലേക്കു കയറിയിറങ്ങുകയാണ്.

കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴികളിൽ കുടുങ്ങുന്ന സ്ഥിതിയാണ് നിലവിലുളളത്. അങ്ങോട്ടുമിങ്ങോട്ടും നിരയായി വാഹനങ്ങൾ കടക്കവേ ഇരുചക്ര വാഹനയാത്രികർ ഹാൻഡിൽ ബാലൻസ് തെറ്റി വീഴാൻ സാധ്യതയേറെയാണ്. തൊട്ടടുത്തുള്ള ഏറ്റവും തിരക്കേറിയ പുന്നമൂട് റെയിൽവേ ഗേറ്റിലും സമാനമായ സ്ഥിതി ഉണ്ടായിരുന്നുവെങ്കിലും നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ പ്രതിഷേധത്തേ ത്തേയും പരാതിയെയും തുടർന്ന് കുഴിയടച്ചു നിരപ്പാക്കിയിരുന്നു.








deshabhimani section

Related News

View More
0 comments
Sort by

Home