ചരിത്രം പിന്നിയ നാട്

പ്രദീപ് ചിറയിൻകീഴ്
Published on Apr 05, 2025, 11:14 AM | 1 min read
തലസ്ഥാന ജില്ലയിലെ കയറുൽപ്പാദന മേഖലയുടെ പ്രധാനകേന്ദ്രമാണ് ചിറയിൻകീഴ്. അവിടെയുണ്ട് 75 വർഷത്തെ ചരിത്രമുള്ളൊരു കയർ സഹകരണ സംഘം. 1950-ൽ ആദ്യമായി രൂപീകരിക്കപ്പെട്ട 22 കയർ സഹകരണ സംഘങ്ങളിലൊന്നായ പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘം. കടുത്ത പ്രതിസന്ധിയിലും ഒളിമങ്ങാതെ നിൽക്കുകയാണ് അഴൂർ പഞ്ചായത്തിലെ ഈ സംഘം. പരമ്പരാഗത രീതിയിൽ കയറുൽപ്പാദനം നടത്തുന്ന ഏക സംഘമെന്ന ഖ്യാതി ഇപ്പോഴും ഇവർക്ക് സ്വന്തം. പ്രാദേശികമായി സംഭരിക്കുന്ന പച്ചത്തൊണ്ട് ആറുമാസംമുതൽ ഒരു വർഷംവരെ കായലിലിട്ട് ചകിരിയാക്കിയെടുത്താണ് കയറുൽപ്പാദനം. ഇതിനായി 63 സെന്റ് കായൽവട്ടം സംഘത്തിന് സ്വന്തമായുണ്ട്.
അഴുകിയ തൊണ്ടിൽനിന്നുള്ള നാരുകളാൽ പിരിക്കുന്ന കയറാണ് പ്രധാന ഉൽപ്പന്നം. 30 പരമ്പരാഗത റാട്ടുകളും 10 വൈദ്യുത റാട്ടുകളും ഉപയോഗിക്കുന്നു. 10 ഓട്ടോമാറ്റിക്ക് സ്‌പിന്നിങ് മെഷീനും അനുബന്ധ മെഷീനുകളും സംഘത്തിലുണ്ട്. നേരിട്ട് ജോലി ചെയ്യുന്ന 215 തൊഴിലാളികളിൽ 180 പേരും സ്ത്രീകളാണെന്നതും പ്രത്യേകതയാണ്. പരമ്പരാഗത റാട്ടുപയോഗിച്ച് കയർ പിരിക്കുന്ന തൊഴിലാളികൾക്ക് ശരാശരി 350 രൂപയും സ്പിന്നിങ് മെഷീനിൽ പിരിക്കുന്നവർക്ക് 400 രൂപ നിരക്കിലുമാണ് പ്രതിദിന കൂലി.
കയർ മേഖലയോട് കേന്ദ്രസർക്കാർ വിവേചനം തുടരുമ്പോഴും പരമ്പരാഗത രീതികൾ കൈവിടുന്നില്ല പെരുങ്ങുഴിക്കാർ. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമെന്ന നിലയിലും തനതുവ്യവസായ സംരക്ഷണത്തിന്റെ ഭാഗമായും സംസ്ഥാന സർക്കാർ കയർ സംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകി തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്. ഉൽപ്പാദന ചെലവിനനുസരിച്ച് വില ലഭിക്കാത്തതിനാൽ കയർവ്യവസായത്തിനുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്.
1979ൽ കെ എസ് ഗോപാലകൃഷ്‌ണൻ കയർ വ്യവസായത്തെ പശ്ചാത്തലമാക്കി സംവിധാനം ചെയ്ത "കായലും കയറും' എന്ന സിനിമയും അതിലെ "ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ, ചിറയിൻകീഴിലെ പെണ്ണേ' എന്ന സൂപ്പർ ഹിറ്റ് ഗാനവും ചിറയിൻകീഴിന്റെ കയർ വ്യവസായ മേഖലയുടെ പരിച്ഛേദമാണ്.









0 comments