എം ജി എസ് വിടവാങ്ങി
പോയ് മറഞ്ഞത് കേരളത്തിന്റെ 'ചരിത്ര പുരുഷൻ'


എൻ എ ബക്കർ
Published on Apr 26, 2025, 01:27 PM | 4 min read
കേരളത്തിൽ ചരിത്ര രചനയെ യുക്തിഭദ്രമാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച ചരിത്രകാരനാണ് ഡോ. എം ജി എസ് നാരായണൻ. പഠനങ്ങൾക്ക് ആശ്രയിച്ച ദത്തങ്ങളുടെ ശാസ്ത്രീയമായ തെരഞ്ഞെടുപ്പുകൾ കൊണ്ടും പ്രമാണ വൈപുല്യം കൊണ്ടും യുക്തിഭദ്രമായ നിലപാടുകള്‍കൊണ്ടും അദ്ദേഹത്തെ പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ളയുടെ ശിഷ്യ പരമ്പരയിലാണ് ഗണിക്കപ്പെടുന്നത്. ആ തലമുറയിൽ നിന്നും ഫീൽഡിൽ ഇറങ്ങിയുള്ള പഠനഗവേഷണങ്ങളിലൂടെ ചരിത്ര രചനയെ മുന്നോട്ട് നടത്തിച്ചു. നിരവധി ഗവേഷകർക്ക് വഴികാട്ടിയും ഏത് സംശയങ്ങൾക്കും വസ്തുനിഷ്ഠമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായുള്ള അഭയകേന്ദ്രവുമായി.
ചരിത്ര ഗവേഷണം ഭൂതകാലത്തെ കുറിച്ചുള്ള കാല്പനിക പരികൽപനകൾക്ക് ഉപദാനങ്ങൾ കണ്ടെത്തുക എന്നതല്ലെന്ന് അദ്ദേഹം തന്റെ രചനകളിലൂടെ തെളിയിച്ചു. കാലം കൊത്തി വെച്ച അടയാളങ്ങളെ തന്താങ്ങളുടെ നിലപാടുകളിലേക്ക് എത്തിക്കുന്നതിനുള്ള മുതലുകൾ എന്ന സമീപനങ്ങളിൽ നിന്നും മാറി നടന്നു. പലപ്പോഴും വസ്തുനിഷ്ഠത അദ്ദേഹത്തെ സ്വയം തന്നെ ആശയകുഴപ്പങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിച്ചു. അപ്പോഴും ചരിത്രത്തോടുള്ള പ്രതിബദ്ധത കൈവിടാതെ തുടർന്നു. തിരുത്തി പറയേണ്ടത് തിരുത്തി.
ചരിത്രത്തിൽ അവസാന വാക്കില്ല, പുതിയ തലമുറ സത്യസന്ധമായി പഠിക്കയാണ് വേണ്ടത്- എംജിഎസ്
വെട്ടിതുറന്ന് പറയുന്ന ശീലം അദ്ദേഹത്തെ പലപ്പോഴും വിവാദങ്ങളിലും കൊണ്ടു ചെന്നെത്തിച്ചു. പക്ഷെ ബോധ്യമുള്ള കാര്യങ്ങളിൽ ഉറച്ചു നിന്നു. എഴുത്തും വായനയും പഠിച്ച മലയാളി എന്നാല്‍ അര്‍ദ്ധസാക്ഷരൻ മാത്രമാണെന്ന് എം ജി എസ് ഒരിക്കൽ തുറന്നടിച്ചു. 'എഴുതാനും വായിക്കാനും അറിയാം. അത് കൊണ്ട് പത്രങ്ങളില്‍ വരുന്നത് അത് പോലെ വിഴുങ്ങും. പത്രങ്ങളാണെങ്കില്‍ വളരെ മത്സരബുദ്ധിയോടു കൂടിയും, ഉദ്വേഗവും അതിശയോക്തിയും കലര്‍ത്തിയുമാണ് വാര്‍ത്തകൾ എത്തിക്കുക. അത് പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല. അത് കൊണ്ട് സാക്ഷരതയുടെ പൂണ്ണ ഗുണഭോക്താക്കളാണ് മലയാളികൾ എന്ന് തീർത്ത് പറയാന്‍ സാധിക്കില്ല' എന്നായിരുന്നു വിമർശനം. കേരളത്തിൽ സർവ്വകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഉണ്ടെങ്കിലും തുറന്ന ചർച്ചകളും സംവാദങ്ങളും ഉണ്ടാവുന്നില്ലെന്നും ചൂണ്ടികാട്ടി.
ലോകം അംഗീകരിച്ച ഇന്ത്യൻ ഗവേഷകൻ
എം ജി എസ് ലണ്ടൻ സര്‍വകലാശാല കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോയും മോസ്‌കോ ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളിൽ വിസിറ്റിങ് ഫെലോയും ആയിരുന്നു. ടോക്യോവില്‍ വിസിറ്റിങ് പ്രൊഫസറായും ഇരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണ പരിചയവും ചരിത്രാന്വേഷണ ത്വരയിലെ വിട്ടുവീഴ്ചയില്ലായ്മയും ആയിരുന്നു ലോകം സ്വീകരിച്ചത്.
'ഞാന്‍ പരിശോധിച്ച പ്രബന്ധങ്ങളിൽ മികച്ചതൊന്ന്' എന്ന് എ എല്‍ ബാഷാം എംജിഎസിന്റെ ചേരരാജാക്കൻമാരെ കുറിച്ചുള്ള പഠനത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തേക്കുള്ള അദ്ദേഹത്തിന്റെ അന്വേഷണം തന്നെയും ചരിത്രമായി.
കേരള ചരിത്രത്തെ കുറിച്ച് സമാഹരിക്കപ്പെട്ട ഇതുവരെയുള്ള അറിവുകളെ തന്നെയും അട്ടിമറിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന പട്ടണം പര്യവേഷണം. ഇതിലേക്ക് നയിച്ചതിൽ എംജിഎസിന്റെ ഗവേഷണം നിർണ്ണായകമായിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ഒമ്പത് മുതൽ 12 വരെയുള്ള നൂറ്റാണ്ടുകള്‍ക്കിടയിൽ കേരളം ഭരിച്ച ചേരരാജാക്കന്മാരെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധമാണ് എംജിഎസിന്റെ ഇത്തരത്തിലുള്ള ആദ്യത്തെ സംഭാവന.
ആ കാലഘട്ടത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക വികാസത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചു. 'പെരുമാള്‍സ് ഓഫ് കേരള' എന്നപേരില്‍ ആ ഗവേഷണ പഠനം പുറത്തു വന്നു. കേരളത്തിലെമ്പാടും ചിതറിക്കിടന്നിരുന്ന ശിലാ-താമ്ര ലിഖിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സ്രോതസ്സ്. അവയോടൊപ്പം തമിഴ്, സംസ്‌കൃത ഗ്രന്ഥങ്ങളും. ബ്രാഹ്മി, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പ്രാചീന ലിപികളിലുള്ള കൈത്തഴക്കവും പാലി, തമിഴ്, സംസ്‌കൃതം, പ്രാചീന മലയാളം തുടങ്ങിയ ഭാഷകളിലുള്ള അറിവും അതിൽ പ്രതിഫലിച്ചു. അതാണ് എ എൽ ബാഷാമിന്റെ പ്രശംസയ്ക്ക് പാത്രമായത്.

പ്രാചീനമായ പഴന്തമിഴ് കാലഘട്ടത്തെക്കുറിച്ചും മധ്യകാലത്തിന്റെ അവസാന ദശകങ്ങളെക്കുറിച്ചുമെല്ലാം തുടർന്ന് പഠിച്ചു. ചരിത്രത്തിലെ തന്നെ കൃത്യമായ തെളിവുകൾ കണ്ടെത്തി അവയുടെ അടിസ്ഥാനത്തിലാണ് ചരിത്രം രചിച്ചത്. ഇത് ചരിത്ര രചനാ സമീപനത്തിൽ തന്നെയും അക്കാലത്ത് വലിയ മാറ്റം കൊണ്ടു വന്നു.
മുസിരിസിനെ കുറിച്ചുളള നിഗമനങ്ങൾ കണ്ണകി കോവാലൻ ഐതിഹ്യങ്ങളെ മുൻനിർത്തി കൊടുങ്ങല്ലൂർ എന്ന് വാദിച്ചിരുന്നു. ചിലപ്പതികാരത്തിന്റെ കാലനിർണ്ണയത്തിൽ ശ്രീലങ്കൻ രാജാവ് ഭദ്രബാഹുവിന്റെ സാന്നിധ്യം പരാമർശിക്കുന്നത് മുൻനിർത്തി മൂന്നാം നൂറ്റാണ്ട് എന്നും വാദിച്ചു. പിൽക്കാലത്ത് പട്ടണം പര്യവേഷണം തെളിവുകൾ മാറ്റി മറിച്ചതോടെ തന്റെ നിലപാടുകൾ തിരുത്തി. മൌലിക പ്രമാണങ്ങളിലെ ശ്രദ്ധപോലെ തന്നെ പുതിയ കാഴ്ചയും കാഴ്ചപ്പാടുകളും വരുമ്പോഴും അവയെ സ്വീകരിച്ചു. നല്ലതായാലും ചീത്തയായാലും ചരിത്രത്തെ അതുപോലെ രേഖപ്പെടുത്തണമെന്ന് ആവർത്തിച്ചു പറഞ്ഞു.
നടന്നു പഠിച്ചു
ചരിത്രത്തെ വസ്തുനിഷ്ഠമാക്കുന്നതിൽ തന്റെ ധാരണകളും കണ്ടെത്തലുകളും തടസമാവാതെ സ്വയം പുതുക്കി. കൊയിലാണ്ടി താഴെക്കാവിൽ നിന്നും കണ്ടെടുത്ത, അദ്ദേഹവും എം ആർ രാഘവവാര്യരും ചേർന്ന് വേർതിരിച്ച താഴെക്കാവ് രേഖകൾ പോലുള്ളവ ഇപ്പോഴും ഗവേഷകരെ കാത്തിരിക്കുകയാണ്. ഇതുപോലെ നിരവധി ചരിത്ര രേഖകളും തെളിവുകളും സ്വന്തമായി പിന്തുടർന്ന് കണ്ടെത്തി സമാഹരിച്ചിട്ടുണ്ട്.
ഫീൽഡ് ആയിരുന്നു ചരിത്ര രചനയ്ക്ക് തെരഞ്ഞെടുത്തിരുന്നത്. ഇരുവരും ചേർന്ന് ഒരു രേഖ പരിശോധിക്കാനായി പുഴ നീന്തി കടന്ന കഥകൾ വരെ ശിഷ്യപരമ്പരയിൽ പറഞ്ഞു കേൾക്കാം. അങ്ങിനെ തെളിവുകൾ ശേഖരിച്ച് എഴുതിയവ മാത്രമല്ല, എഴുതാനും പഠിക്കാനുമായി ശേഖരിച്ചു വെച്ചവ ഇനിയും ഗവേഷകരെ കാത്തിരിക്കുന്നുമുണ്ട്.
ചാള്‍സ് എം. വിഷ് (1795-1833) എന്ന ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥനില്‍നിന്നാണ് സവിശേഷമായ കേരളപഠനങ്ങൾ ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലായിരുന്നു ഇത്. ഭാഷാവ്യാകരണത്തിലും പ്രാചീന ലിഖിതങ്ങളിലും അദ്ദേഹത്തിന്റെ പഠനങ്ങളുണ്ടായി. 1833-ല്‍ മുപ്പത്തിയെട്ടാം വയസ്സില്‍ വിഷ് അന്തരിച്ചു. കേരളീയ ഗണിത ശാസ്ത്രത്തിന്റെ വഴികൾ മഹത്തരമെന്ന് ആദ്യ കണ്ടെത്തി വിളിച്ചു പറഞ്ഞത് വിഷ് ആണ്. പിന്നാലെയാണ് ഗുണ്ടര്‍ട്ട് കേരളത്തിലെത്തുന്നത്.
തിരുവിതാംകൂര്‍ ചരിത്രമെഴുതിയ പി. ശങ്കുണ്ണി മേനോനും കൊച്ചിരാജ്യ ചരിത്രമെഴുതിയ കെ.പി. പത്മനാഭമേനോനും ഈ പരമ്പര പൂരിപ്പിക്കുന്നു. പ്രമാണങ്ങളുടെ ദൗര്‍ലഭ്യം അവരുടെ ചരിത്ര രചനകളുടെ ആധികാരികതയില്‍ വിള്ളലുണ്ടാക്കി. പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ പഠനങ്ങളിലാണ് തെളിവുകൾ തേടിയുള്ള യാത്ര ആരംഭിക്കുന്നത്. ഈ ധാരയുടെ തുടർച്ചയാണ് അറുപതുകളോടെ എംജിഎസിലേക്ക് എത്തുന്നത്. കേരള ചരിത്രപഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ അടിത്തറ തീർക്കുന്നതിൽ അദ്ദേഹത്തന്റെ സമീപനം അങ്ങനെ നിർണീതമായി.

മരിച്ചു മമ ബാല്യം
കവിതകൾ എഴുതിയ ഒരു ബാല്യകാലം അദ്ദേഹത്തിനുണ്ടായിരുന്നു. മനുഷ്യൻ്റെ കാല്പാടുകൾ തേടിയുള്ള യാത്ര തുടങ്ങുന്നത് അങ്ങനെ കാവ്യപ്രചോദനത്തിൽ നിന്നാണ്. 92 ാംമത്തെ വയസിൽ ആദ്യത്തെ കവിതാ സമാഹാരം “മരിച്ചു മമ ബാല്യം’’ പുറത്തിറങ്ങി. 2024 അദ്ദഹത്തിന്റെ ജന്മദിനമായ ആഗസ്ത് 20 ന് കവിതകൾ പ്രകാശനം ചെയ്തു. ബാല്യകാലത്ത് എഴുതിയവ ശേഖരിച്ചു വെച്ച കുറിപ്പുകളിൽ നിന്നും കണ്ടെടുത്തത് ഭാര്യ പ്രമലതയാണ്. കൂട്ടുകാരും ശിഷ്യരും ചേർന്ന് പുറത്തിറക്കി. ഇടക്കാലത്ത് പിന്നെ സാഹിത്യ രചനകൾ ഒന്നുമില്ല. കുട്ടികാലത്തെ പ്രണയവും കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യവും എല്ലാം മമ ബാല്യത്തിൽ കടന്നു വരുന്നു.
പ്രേമം, വഞ്ചന, സന്ദേശം, കാമിനി എന്നീ കവിതകളും ഗ്രാമഭംഗി, മരിച്ചു മമ ബാല്യം, സമരപ്രഖ്യാപനം, നിത്യതയുടെ പൂന്തോട്ടം, ചൈനയിലെ ചെന്താരം, കൊയ്ത്തുകാരി തുടങ്ങിയ കവിതകളും ഈ സമാഹാരത്തിലുണ്ട്.
രാഷ്ട്രീയം, പ്രകൃതിസ്‌നേഹം, യൗവനം, തത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള സൃഷ്ടികളുമുണ്ട്. ജാലകങ്ങൾ എന്ന പേരിലുള്ള ആത്മകഥ 2018 ലാണ് പുറത്തിറക്കിയത്. അതേ വർഷം തന്നെ തന്റെ സ്വകാര്യ ലൈബ്രറി കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കൈമാറി.
2025ഏപ്രിൽ 26 ന് എം ജി എസ് നിത്യമായ ചരിത്രത്തിലേക്ക് വിടവാങ്ങി









0 comments