ഹയർസെക്കൻഡറിയിൽ ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതി

തിരുവനന്തപുരം: പുതിയ അധ്യയനവർഷത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് അഞ്ച് മണിക്കൂർ പരിശീലനം. സ്കൂൾ കാലഘട്ടത്തിൽ, പ്രത്യേകിച്ച് കൗമാര പ്രായത്തിലുണ്ടാകുന്ന അനുഭവങ്ങൾ കുട്ടിയുടെ മാനസികാരോഗ്യത്തെ വളർത്താനോ തളർത്താനോ കാരണമാകുമെന്നതിനാൽ അവരുടെ ശാരീരിക, മാനസിക, സാമൂഹികാരോഗ്യം പരിപോഷിപ്പിക്കുന്നതിനാണ് പദ്ധതി.
യുവജനങ്ങളിലും കൗമാരക്കാരിലും ഉയർന്നു വരുന്ന അക്രമപ്രവണതകൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, വൈകാരിക മാനസിക പ്രശ്നങ്ങൾ ,അപകടകരായ വാഹന ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷൻ, റാഗിങ് തുടങ്ങിയവയ്ക്ക് ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തും.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ, വിവിധ വകുപ്പുകളെയും വിദഗ്ധരെയും ഉൾപ്പെടുത്തി വർക്ക് ഷോപ്പ് സംഘടിപ്പിച്ചിരുന്നു. മൊഡ്യൂളും തയ്യാറാക്കി. ഈ മൊഡ്യൂളുകൾ പ്രകാരം ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഓരോ വിദ്യാഭ്യാസ ജില്ലയിൽ നിന്നും രണ്ട് വീതം അധ്യാപകരെ മാസ്റ്റർ ട്രെയിനർമാരാക്കി. ഇവർ 41 വിദ്യാഭ്യാസ ജില്ലാ തലത്തിൽ അധ്യാപകർക്ക് ട്രെയിനിംഗ് നൽകി. ഹയർ സെക്കൻഡറി വിഭാഗത്തിലെ നാല് ലക്ഷത്തിൽ പരം വിദ്യാർഥികൾക്ക് ഈ പരിശീലനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.









0 comments