ഹയർ സെക്കൻഡറി പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കും: മന്ത്രി വി ശിവൻകുട്ടി


സ്വന്തം ലേഖകൻ
Published on Jun 18, 2025, 01:27 PM | 1 min read
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികളുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലുമായി 80 പാഠപുസ്‌തകങ്ങളാണ് പുതുക്കുക. അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. പല പുസ്‌തകങ്ങളിലും പഴയ കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. ശാസ്‌ത്ര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ കാര്യങ്ങൾ ഉൾപ്പെടെ കുട്ടികൾ പാഠപുസ്‌തകങ്ങളിലൂടെ അറിയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ വെറും പാഠപുസ്തക അറിവ് നൽകുന്ന ഇടങ്ങൾ മാത്രമല്ല. സാമൂഹികമായും വൈകാരികമായും ബുദ്ധിപരമായും കുട്ടികളെ വളർത്തുന്ന ഇടങ്ങളായി അവ മാറണം. സന്തോഷത്തിന്റെയും കരുതലിന്റെയും അന്തരീക്ഷം ഓരോ ദിവസവും ഉണ്ടാകണം. സുരക്ഷിതരാണെന്നും, അവരെ പിന്തുണയ്ക്കാൻ ഒരു വലിയ സമൂഹം കൂടെയുണ്ടെന്നും വിദ്യാർഥികൾക്ക് തോന്നണം. ഈ വർഷം പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതിനൊപ്പം "കൂടെയുണ്ട് കരുത്തേകാൻ’ എന്ന ബൃഹത്തായ പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. കൗമാരത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടക്കുന്ന കുട്ടികളെ, പുതിയ കാലം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കും.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ, സൈബർ സുരക്ഷാ ഭീഷണികൾ, പഠനപരമായ സമ്മർദ്ദങ്ങൾ തുടങ്ങിയവയിൽ പിന്തുണ നൽകുകയും ആരോഗ്യകരമായ കൗമാരം കെട്ടിപ്പടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.









0 comments