ഹയർ സെക്കൻഡറി അധ്യാപക ട്രാൻസ്‌ഫർ: കെഎടി വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ഹയർ സെക്കൻഡറി അധ്യാപക ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെഎടി- KAT) വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ 2025-26 ലെ ജനറൽ ട്രാൻസ്ഫർ അടുത്ത അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ട്രാൻസ്ഫർ നടപടികൾക്ക് കാലതാമസം വരുത്താനിടയുള്ള ഒരു വിധി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ (KAT) നിന്നും ഏപ്രിൽ 30ന് പുറത്തിറങ്ങിയിരുന്നു. ട്രാൻസ്ഫർ പ്രക്രിയ സുതാര്യമായി നടത്തിവരുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെയും വകുപ്പിലെ കൈറ്റിനെയും കുറിച്ച് അനുചിതമായ പരാമർശവും വിധിയിലുണ്ടായിരുന്നു. അതിനെതിരെ കേരളാ ഹൈക്കോടതിയിൽ ഓപികാറ്റ് ഫയൽ ചെയ്യും എന്നു പറഞ്ഞിരുന്നു.
ഇന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് കെഎടിയുടെ ഉത്തരവ് സ്റ്റേ ചെയ്തിട്ടുണ്ട്. ഈ വിധിയെ സർക്കാർ സ്വാഗതം ചെയ്യുന്നു. ഇതോടെ ഈ വർഷത്തെ ട്രാൻസ്ഫർ പ്രക്രിയ സമയബന്ധിതയമായി പൂർത്തിയാക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. 20 മുതൽ പ്രൊവിഷണൽ ലിസ്റ്റ് ട്രാൻസ്ഫർ പോർട്ടലിൽ കൈറ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ജനറൽ ട്രാൻസ്ഫർ പ്രക്രിയ അട്ടിമറിക്കുന്നതിനായി ചില നിക്ഷിപ്ത താല്പര്യക്കാർ കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾ ശക്തമായ നടപടികളിലൂടെത്തന്നെ നേരിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.









0 comments