ഹയർസെക്കൻഡറി പാഠപുസ്‌തക പരിഷ്‌കരണം: ജനകീയ അഭിപ്രായം തേടുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി പാഠപുസ്‌തകം പരിഷ്‌കരണത്തിന് ജനകീയ അഭിപ്രായം തേടുന്നു. ഒന്നു മുതൽ പത്ത്‌വരെയുള്ള പാഠപുസ്‌തകം പരിഷ്‌കരിച്ചതിന് സമാനമായി ജനകീയ ചർച്ചകൾ ഇതിനായി സംഘടിപ്പിക്കും. ഇതിന്റെ സംസ്ഥാന ഉദ്ഘാടനം വെള്ളിയാഴ്‌ച തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കും. 80 ടൈറ്റിലുകളിലുള്ള പ്ലസ് വൺ, പ്ലസ് ടു പുസ്‌തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ പുതുക്കിയ പാഠപുസ്‌തകങ്ങൾ കുട്ടികളുടെ കൈകളിലെത്തും. 2013ലാണ് അവസാനമായി ഹയർസെക്കന്ററി പാഠപുസ്‌തകം പരിഷ്‌കരിച്ചത്.
നിലവിൽ കേരളത്തിൽ എൻസിഇആർടിയുടെയും എസ്‌സിഇആർടിയുടെയും പാഠപുസ്‌തകങ്ങളാണ് ഹയർസെക്കന്ററിയിൽ പഠിപ്പിക്കുന്നത്. സയൻസ്, ഹിസ്‌റ്ററി, മാത്‌സ് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾക്കാണ് എൻസിഇആർടി പാഠപുസ്‌തകം ഉപയോഗിക്കുന്നത്. എന്നാൽ മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ, ഗാന്ധിയൻ സ്‌റ്റഡീസ്, ജേർണലിസം ഉൾപ്പെടെയുള്ള വിഷയങ്ങൾ എന്നിവക്ക് എസ്‌സിഇആർടിയാണ് പുസ്‌തകം തയ്യാറാക്കുന്നത്. ജനകീയ ചർച്ച സംസ്ഥാന ഉദ്‌ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.
ദേശീയതലത്തിൽ നടന്ന വിദ്യാഭ്യാസ സർവേയിൽ കേരളം തിളക്കമാർന്ന വിജയം കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നിർവഹിക്കും. ഈ പരിഷ്കരണങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നും വിദ്യാർഥികൾക്ക് ആധുനികവും കാലികവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.









0 comments