10 സെക്കൻഡിനുള്ളിൽ പാലിയേക്കര ടോൾ കടക്കാനാകണം: ഹെെക്കോടതി

കൊച്ചി : പാലിയേക്കരയിലെ ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ 10 സെക്കൻഡിനുള്ളിൽ കടന്നുപോകണമെന്ന് ഹൈക്കോടതി. 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും അങ്ങനെവന്നാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നും ഇടക്കാല ഉത്തരവായി. ഇത് നടപ്പാക്കുന്നുണ്ടെന്ന് ദേശീയപാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതിൽ സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി കൃഷ്ണകുമാറും ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.
പൊതുപ്രവർത്തകൻ ഒ ജെ ജെനീഷ് സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയിലാണ് ഇടപെടൽ. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. നിർമാണം നടക്കുന്ന മേഖലയിൽ ഗതാഗതക്രമീകരണത്തിന് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ടോൾ പിരിവ് നിർത്തിവയ്ക്കാൻ കഴിഞ്ഞ തിങ്കളാഴ്ച തൃശൂർ കലക്ടർ ഉത്തരവിട്ടെങ്കിലും പിറ്റേന്നുതന്നെ പിൻവലിച്ചു. ഇതിനെതിരെയാണ് ഹർജി നൽകിയിരുന്നത്. മണ്ണുത്തി–ഇടപ്പള്ളി പാതയിലെ വിവിധ പ്രദേശങ്ങളിൽ അടിപ്പാതനിർമാണം കാരണമുള്ള ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ടോൾ പിരിവ് നിർത്താൻ കലക്ടർ നിർദേശിച്ചത്. പ്രശ്നം പരിഹരിക്കാമെന്ന് ദേശീയപാത അധികൃതർ രേഖാമൂലം നൽകിയ ഉറപ്പിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്.









0 comments